തിരുവനന്തപുരം: ആര്‍എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എഡിജിപി എം.ആര്‍.അജിത് കുമാര്‍. സുഹൃത്തിന്റെ ക്ഷണപ്രകാരം നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ നല്‍കിയ വിശദീകരണം. കൂടിക്കാഴ്ച ദുരൂഹമാണെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു വിശദീകരണം നല്‍കല്‍. ക്രമസമാധാന ചുമതല നിര്‍വഹിക്കുന്ന ഉദ്യോഗസ്ഥന്‍ ആര്‍.എസ്.എസ്. നേതാവിനെ കണ്ടത് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുഖേന അറിഞ്ഞിട്ടും മുഖ്യമന്ത്രി എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന ചോദ്യവും ശക്തമാകുന്നു.
2023 മെയ് 20 മുതല്‍ 22വരെയാണ് തൃശൂര്‍ പാറമേക്കാവ് വിദ്യാമന്ദിറില്‍ ആര്‍എസ്എസ് ക്യാമ്പ് നടന്നത്. ക്യാമ്പിനിടെ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാലെയുമായി എഡിജിപി എംആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണത്തോടെയാണ് വിവാദം ശക്തമാകുന്നത്. സതീശന്റെ ആക്ഷേപത്തിന് പിന്നാലെയാണ് എഡിജിപി മുഖ്യമന്ത്രിയോട് വിശദീകരിച്ചത്.
ഒപ്പം പഠിച്ച ഒരു സുഹൃത്തിന്റെ ക്ഷണപ്രകാരമായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിശദീകരണം. സുഹൃത്ത് മുഖേനയെയായിരുന്നു വിജ്ഞാന്‍ഭാരതി നേതാവായ ജയകുമാറിനെ നേരത്തെ പരിചയപ്പെട്ടത്. ജയകുമാറിന്റെ കാറിലായിരുന്നു ഹോട്ടലിലെത്തിയുള്ള കൂടിക്കാഴ്ച. സ്വകാര്യ കൂടിക്കാഴ്ചയാണെന്നാണ് വിശദീകരിച്ചത്