രാജ്യത്ത് ഒമിക്രോണ്‍ രോഗികളുടെ എണ്ണം 45 ആയി;
മൂന്നാം ഡോസിന് ഇപ്പോള്‍ മാര്‍ഗ്ഗരേഖയില്ലെന്ന് കേന്ദ്രം
ദില്ലി: രാജ്യത്തെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം നാല്‍പത്തിയഞ്ച് ആയി. ദില്ലിയില്‍ പുതുതായി നാല് കേസുകള്‍ കൂടി ഇന്ന് റിപ്പോര്‍ട്ട് ചെയ്തതോടെയാണ് രോഗബാധിതര്‍ 45 ആയത്. ദില്ലിയിലെ രോഗബാധിതരുടെ എണ്ണം ആറായി. രോഗബാധിതരില്‍ ആരുടെയും ആരോഗ്യനില ഗുരുതരമല്ല. രാജ്യത്ത് ആര്‍ക്കും ഗുരുതര ലക്ഷണങ്ങള്‍ കണ്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
അതേ സമയം ഒന്നര വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് വ്യാപന നിരക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തി. 5784 പേര്‍ രോഗബാധിതരായപ്പോള്‍ 7995 പേര്‍ രോഗമുക്തരായി. 252 പേര്‍ മരിച്ചതായാണ് ആരോഗ്യമന്ത്രാലയം ഒടുവില്‍ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നത്.
അതിനിടെ, രാജ്യത്ത് കൊവിഡ് വാക്‌സീന്‍ മൂന്നാം ഡോസിന് ഇപ്പോള്‍ മാര്‍ഗ്ഗരേഖയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്‌സീന്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ദില്ലി ഹൈക്കോടതിയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മൂന്നാം ഡോസ് നല്‍കണമെന്ന് രാജ്യത്ത് ഇപ്പോഴുള്ള രണ്ടു വിദഗ്ധ സമിതികളും നിര്‍ദേശിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. രണ്ടു ഡോസ് വാക്‌സീന്‍ ഒമിക്രോണിന് എതിരെ കാര്യമായ പ്രതിരോധം നല്‍കില്ലെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിനിടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.