താല്‍ക്കാലികാശ്വാസം; സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ വാക്‌സിന്‍ എത്തും
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം. ഇന്ന് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് വാക്സിന്‍ കേരളത്തിലെത്തും.
ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്‌സീന്‍ എറണാകുളം മേഖലയില്‍ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീല്‍ഡും 75,000 ഡോസ് കൊവാക്‌സീനും ലഭിക്കും, കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്‌സീനാണ് എത്തുക.
വാക്സിന്‍ ക്ഷാമത്തെ തുടര്‍ന്ന് അഞ്ച് ജില്ലകളില്‍ കഴിഞ്ഞ ദിവസം വാക്സിനേഷന്‍ മുടങ്ങിയിരുന്നു. കേരളത്തിന് അടുത്ത ബാച്ച് വാക്സിന്‍ നാളെ ലഭ്യമാക്കുമെന്നായിരുന്നു കേന്ദ്രം നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ അഞ്ച് ജില്ലകളില്‍ വാക്സിനേഷന്‍ മുടങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിന് കേന്ദ്രം വാക്സിന്‍ അനുവദിച്ചത്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിലാണ് ഇന്നലെ വാക്‌സിനേഷന്‍ മുടങ്ങിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്സീന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീന്‍ നല്‍കി.