ദില്ലി: 90 ഓളം വിമാനങ്ങള്‍ റദ്ദാക്കിയതിന് പിന്നാലെ, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. എയര്‍ലൈനിലെ കെടുകാര്യസ്ഥതയെച്ചൊല്ലി 200 ഓളം ജീവനക്കാര്‍ അപ്രതീക്ഷിതമായി അസുഖ അവധി എടുത്തത് കാരണം ഇന്നലെ രാത്രി മുതല്‍ ഇതുവരെ 90 ഓളം വിമാനങ്ങള്‍ ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കിയത്. വിമാനങ്ങള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് ഡിജിസിഎ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രശ്നങ്ങള്‍ ഉടനടി പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ട്. കൂടാതെ, ഡിജിസിഎ മാനദണ്ഡങ്ങള്‍ക്കനുസൃതമായി യാത്രക്കാര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ എയര്‍ലൈനിനോട് നിര്‍ദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
മുതിര്‍ന്ന കാബിന്‍ ക്രൂ അംഗങ്ങള്‍ കൂട്ട അവധിയെടുത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇന്നലെ മുതല്‍ 80-ലധികം അന്താരാഷ്ട്ര, ആഭ്യന്തര വിമാനങ്ങള്‍ റദ്ദാക്കി. റീഫണ്ടും മറ്റ് എയര്‍ലൈനുകളിലെ സര്‍വീസുകള്‍ വാഗ്ദാനം ചെയ്തിട്ടും യാത്രക്കാര്‍ അതൃപ്തി പ്രകടിപ്പിച്ചു. യാത്രക്കാര്‍ രാജ്യവ്യാപകമായി ഒന്നിലധികം വിമാനത്താവളങ്ങളില്‍ പ്രതിഷേധിക്കുന്ന സംഭവങ്ങളും ഉണ്ടായി. കൊച്ചി, കോഴിക്കോട്, ബാംഗ്ലൂര്‍ എന്നിവയുള്‍പ്പെടെ വിവിധ വിമാനത്താവളങ്ങളില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നത് യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തി. മാര്‍ച്ച് അവസാന വാരത്തില്‍ ആരംഭിച്ച വേനല്‍ക്കാല സ്‌പെഷ്യല്‍ ഫ്‌ലൈറ്റുകള്‍ ഉള്‍പ്പടെ പ്രതിദിനം 360 ഫ്‌ലൈറ്റ് സര്‍വീസുകളാണ് എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഒരുമിച്ചുള്ള സിക്ക് ലീവ് എടുത്തതിന്റെ കാരണങ്ങള്‍ മനസിലാക്കാന്‍ ക്യാബിന്‍ ക്രൂ അംഗങ്ങളുമായി ചര്‍ച്ച നടത്തുകയാണെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.