തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. മലപ്പുറത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് അമ്പലപ്പുഴയില്‍ അമ്മയ്ക്കും നാല് വയസുള്ള കുഞ്ഞിനും പരിക്കേറ്റു. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകള്‍ തകര്‍ന്നു. വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. ജല നിരപ്പ് ഉയര്‍ന്നതോടെ പൊരിങ്ങല്‍ക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും കടലാക്രമണം ഉണ്ടായി. മത്സ്യത്തൊഴിലാളികള്‍ ഇന്നും നാളെയും കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്.
മലപ്പുറം ചോക്കാട് മാളിയേക്കലില്‍ കുതിരപ്പുഴയില്‍ കുളിക്കുന്നതിനിടയിലാണ് 15വയസ്സുകാരനെ കാണാതായത്. പ്രാഥമിക വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ ഇവിടെ തിരച്ചില്‍ നടത്തുകയാണ്. നിലമ്പൂരില്‍ നിന്നും അഗ്‌നി രക്ഷാ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. തിരുവനന്തപുരം പള്ളിപ്പുറത്ത് ശക്തമായ മഴയില്‍ വീട് ഭാഗികമായി തകര്‍ന്നു. സിആര്‍പിഎഫ് ക്യാമ്പിന് സമീപം താമസിക്കുന്ന റിയാസിന്റെ വീടാണ് തകര്‍ന്നത്. റിയാസും ഭാര്യയും രണ്ടു കുഞ്ഞു മക്കളും പ്രായമായ മാതാപിതാക്കളുമാണ് വീട്ടില്‍ താമസം. ശക്തമായ മഴയില്‍ വീടിന്റെ ചുമര്‍ ഭാഗികമായി ഇടിഞ്ഞു വീഴുകയായിരുന്നു.
പാലക്കാട് ആലത്തൂര്‍ പത്തനാപുരത്തെ 1500 കുടുംബങ്ങള്‍ക്ക് ഭാരതപ്പുഴ കടന്ന് ആലത്തൂരിലേക്ക് എത്താനുള്ള താത്കാലിക പാലം തകര്‍ന്നു. രാവിലെ പെയ്ത മഴയിലാണ് സംഭവം. പഴയ പാലം നിര്‍മാണത്തിനായി പൊളിച്ചിട്ടിരിക്കുകയാണ്. അതിനു ശേഷമാണ് താത്കാലിക നടപ്പാലം ഒരുക്കിയത്. ദേവികുളത്ത് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണ് വീട് തകര്‍ന്നു. ദേവികുളം സ്വദേശി വിത്സന്റെ വീടാണ് തകര്‍ന്നത്. വില്‍സണും ഭാര്യ ജാന്‍സിയും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി മൂന്നാറില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
തിരുവവന്തപുരം കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തിനു മുന്‍പിലെ പരസ്യ ബോര്‍ഡ് കാറ്റിലും മഴയിലും നിലംപൊത്തി. യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ അത്യാഹിതങ്ങള്‍ സംഭവിച്ചില്ല. കോഴിക്കോട് നാദാപുരത്ത് ശക്തതമായ മഴയോടൊപ്പം കാറ്റും വീശി. വീടിന് മുകളില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. നാദാപുരം ആവോലത്തെ കൂടേന്റവിട ചന്ദ്രമതിയുടെ വീടിന് മുകളിലാണ് സമീപത്തെ കൂറ്റന്‍ പന മരം കടപുഴകി വീണത്. മരം വീണ് വീടിന്റെ പിന്‍ഭാഗത്തെ മേല്‍കൂരയുടെ ഒരു ഭാഗവും വരാന്തയുടെ മേല്‍കൂരയും തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റില്ല.
എറണാകുളം ചെല്ലാനം പഞ്ചായത്തിലെ കണ്ണമ്മാലിയിലും ഞാറക്കല്‍ എടവനക്കാട് തീരമേഖലകളിലും കടല്‍വെള്ളം വീടുകളിലേക്ക് ഇരച്ചുകയറി. കനത്ത മഴയെ തുടര്‍ന്ന് കണയന്നൂര്‍ താലൂക്കില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. എഴ് കുടുംബങ്ങളിലെ ഇരുപത് പേരെ ക്യാമ്പിലേക്ക് മാറ്റി. പൊന്നാനി അലിയാര്‍പള്ളി ഭാഗങ്ങളിലും വെളിയങ്കോടും പാലപ്പെട്ടിയിലും സമാനമായി കടലാക്രമണം ഉണ്ടായി. ഇവിടെയും വീടുകളില്‍ വെള്ളം കയറി. അലിയാര്‍ പള്ളിയില്‍ റോഡിലേക്കും വെള്ളം കയറി. തൃശ്ശൂര്‍ കാരവ കടപ്പുറത്ത് കടലാക്രമണം രൂക്ഷമെന്നാണ് വിവരം. കാരവ സ്വദേശികളായ സുരേഷ്, സജി എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കടലാക്രമണം തടയാന്‍ നിലവില്‍ ജിയോ ബാഗുകള്‍ മാത്രമാണ് കടപ്പുറത്തിന്റെ പല ഭാഗങ്ങളിലും ഉള്ളത്. പുന്നപ്രയില്‍ കടല്‍ക്ഷോഭത്തില്‍ നൂറോളം വീടുകള്‍ കടലെടുക്കുമെന്ന ഭീഷണി നിലനില്‍ക്കുന്നുണ്ട്. പുന്നപ്ര ചള്ളി കടപ്പുറം, ബിരിയാണി എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടെ ഫിഷിംഗ് ഹാര്‍ബര്‍ ഏത് സമയവും കടലെടുക്കുമെന്ന സ്ഥിതിയാണ്. തൃശ്ശൂര്‍ ചാവക്കാട് കടപ്പുറം പഞ്ചായത്തിന്റെ തീരങ്ങളിലും അഞ്ചങ്ങാടി വളവിലും പരിസരപ്രദേശങ്ങളിലും കടല്‍ക്ഷേഭം രൂക്ഷമാണ്.
തൃശൂര്‍ അതിരപ്പിള്ളിക്കടുത്ത് റോഡിലേക്ക് മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുത പോസ്റ്റും ഒടിഞ്ഞു വീണു. ഗതാഗതം പുനഃസ്ഥാപിച്ചു. എറണാകുളം പിറവം പുതൃക്കയില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞ് വീണു. പാറേക്കാട് ഷിബുവിന്റെ വീട്ടിലായിരുന്നു അപകടം. ആലുവയില്‍ കനത്ത കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണു. പെരിയാര്‍ തീരത്തെ ജിസിബിഎ റോഡില്‍ നാല് കൂറ്റന്‍ മരങ്ങളും ആയുര്‍വേദ ആശുപത്രി വളപ്പിലെ മരങ്ങളും നിലംപൊത്തി. തലശ്ശേരി ചൊക്ലിയില്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണു. ഡ്രൈവര്‍ രക്ഷപ്പെട്ടു
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കോട്ടയത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ യാത്രാ വിലക്ക്. ജില്ലാ കളക്ടറുടേതാണ് ഉത്തരവ് വരും ദിവസങ്ങളില്‍ മഴ രൂക്ഷമാകുമെന്ന മുന്നറിയിപ്പുകള്‍ ലഭിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, മാര്‍മല അരുവി എന്നിവിടങ്ങളിലേയ്ക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട-വാഗമണ്‍ റോഡിലെ രാത്രികാലയാത്രയും ജൂണ്‍ 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരി ഉത്തരവിട്ടു.
കൊയിലാണ്ടി ദേശീയപാതയില്‍ വെള്ളക്കെട്ടും ഗതാഗതക്കുരുക്കും രൂക്ഷമായതില്‍ പ്രതിഷേധിച്ച് റോഡ് നിര്‍മ്മാണ കമ്പനിയായ വാഗാഡിന്റെ ഓഫീസ് നാട്ടുകാര്‍ ഉപരോധിച്ചു. നിര്‍മ്മാണം നടക്കുന്ന റോഡിലെ അപാകതകള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹരിക്കാത്തതിനെ തുടര്‍ന്നാണ് റോഡ് ഉപരോധം. വെള്ളക്കെട്ടുകള്‍ ഉടന്‍ നീക്കം ചെയ്യാമെന്നും, സര്‍വ്വീസ് റോഡുകള്‍ ഗതാഗത യോഗ്യമാക്കാമെന്ന ഉറപ്പിലുമാണ് സമരം അവസാനിപ്പിച്ചത്.
മഴ ശക്തമായി തുടര്‍ന്നാല്‍ ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് മംഗലം ഡാമിന്റെ സ്പില്‍വെ ഷട്ടറുകള്‍ തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിന്റെ താഴെ ഭാഗത്തുള്ള ചെറുകുന്നം പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.ജൂണ്‍ 26 ന് രാവിലെ എട്ടിന് ഡാമിലെ ജലനിരപ്പ് 75.73 മീറ്ററാണ്. ഡാമിന്റെ ബ്ലൂ അലര്‍ട്ട് ലെവല്‍ 76 മീറ്ററും ഓറഞ്ച് അലര്‍ട്ട് ലെവല്‍ 76.51 മീറ്ററും ആണ്.