വില 9.95 ലക്ഷം; 100 കിലോമീറ്ററില്‍ എത്താന്‍ സെക്കന്‍ഡുകള്‍; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സ്‌കൂട്ടര്‍ അവതരിപ്പിച്ച് ബിഎംഡബ്ല്യൂ
ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വിലയേറിയ സ്‌കൂട്ടര്‍ അവതരിപ്പിച്ച് പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂ.സി 400 ജിടി എന്ന പേരില്‍ പുറത്തിറക്കിയ സ്‌കൂട്ടറിന് 9.95 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
പുതിയ സ്‌കൂട്ടറിന്റെ ബുക്കിംഗ് ആരംഭിച്ചതായി ബിഎംഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ അറിയിച്ചു. നഗരത്തിലെ വാഹനഗതാഗതത്തിന് ഏറ്റവും അനുയോജ്യമായ വാഹനമാണിതെന്ന് ബിഎംഡബ്ല്യൂ ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവാ വ്യക്തമാക്കി. പുതിയ സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
350 സിസി സ്‌കൂട്ടറിന് വാട്ടര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടറാണ് ഉള്ളത്. ഫോര്‍ സ്‌ട്രോക്ക് സ്‌കൂട്ടറിന് 34 എച്ച്പി വരെ കരുത്തുണ്ട്. 7500 ആര്‍പിഎമ്മും പരമാവധി 35 എന്‍എം വരെയുള്ള ടോര്‍ക്യൂവും മറ്റ് സവിശേഷതകളാണ്. 9.5 സെക്കന്‍ഡിനുള്ളില്‍ നൂറ് കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ സാധിക്കും. 139 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നവിധമാണ് വാഹനത്തിന്റെ രൂപകല്‍പ്പന.
6.5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്എടി സ്‌ക്രീനാണ് മറ്റൊരു പ്രത്യേകത. ഓട്ടോമാറ്റിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, സീറ്റ് സ്‌റ്റോറേജ് കംപാര്‍ട്ട്‌മെന്റ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ് ഉള്‍പ്പെടെ മറ്റ് അനവധി സൗകര്യങ്ങളും സ്‌കൂട്ടറില്‍ ക്രമീകരിച്ചിട്ടുണ്ട്. ആല്‍പ്പൈന്‍ വൈറ്റ്, സ്റ്റൈല്‍ ട്രിപ്പിള്‍ ബ്ലാക്ക് എന്നി നിറങ്ങളിലാണ് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്.