പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ക്ക് വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനൊപ്പം കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ടിക്കറ്റും ലഭ്യമാക്കും. ദര്‍ശനം ബുക്ക് ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസി ടിക്കറ്റെടുക്കാനുള്ള ലിങ്കും ലഭ്യമാക്കാനാണ് തീരുമാനം. ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ശബരിമല അവലോകന യോഗത്തിലാണ് തീരുമാനം എടുത്തത്.40 പേരില്‍ കുറയാത്ത സംഘത്തിന് 10 ദിവസംമുമ്പ് കെഎസ്ആര്‍ടസിയില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയും. യാത്ര പുറപ്പെടുന്ന സ്ഥലം സ്റ്റേഷനില്‍നിന്ന് 10 കിലോമീറ്ററിനുള്ളിലാണെങ്കില്‍ അവിടെയത്തി തീര്‍ഥാടകരെ കയറ്റും. മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തിന്റെ ആദ്യഘട്ടം 383 ബസും രണ്ടാംഘട്ടം 550 ബസും ക്രമീകരിച്ചിട്ടുണ്ട്. തിരക്കനുസരിച്ച് ബസുകളുടെ എണ്ണം കൂട്ടും.
നിലക്കല്‍ പമ്പ ചെയിന്‍ സര്‍വീസില്‍ അരമിനിറ്റ് ഇടവിട്ട് 200 ബസുകളാണ് ഉണ്ടാവുക. ത്രിവേണി യു ടേണ്‍, നിലയ്ക്കല്‍ സ്റ്റേഷനുകളില്‍ തീര്‍ഥാടകര്‍ക്ക് ബസില്‍കയറാന്‍ പാര്‍ക്കിങ്ങ് സ്ഥലത്തുതന്നെ ബാരിക്കേഡ് സ്ഥാപിക്കും. പമ്പ യു ടേണ്‍ മുതല്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍വരെ റോഡിന്റെ ഇരുവശത്തും സ്വകാര്യവാഹനങ്ങളുടെ അനധികൃതപാര്‍ക്കിങ് നിരോധിക്കും.പമ്പയില്‍നിന്ന് ആവശ്യത്തിന് തീര്‍ഥാടകര്‍ കയറിയാല്‍ നിലയ്ക്കലില്‍ പോകാതെ ബസ് നേരിട്ട് ലക്ഷ്യസ്ഥാനത്തേക്ക് തിരിക്കും. നിലയ്ക്കല്‍ ടോളില്‍ ഫാസ്റ്റ് ടാഗ് സംവിധാനം ഏര്‍പ്പെടുത്തും. വാഹനങ്ങളുടെ കൃത്യമായ എണ്ണം ലഭിക്കാന്‍ ഓട്ടോമേറ്റഡ് വെഹിക്കിള്‍ കൗണ്ടിങ് സിസ്റ്റം, ഓട്ടോമേറ്റഡ് വെഹിക്കിള്‍ നമ്പര്‍ പ്ലേറ്റ് ഡിറ്റക്ഷന്‍ സിസ്റ്റം എന്നിവയും സജ്ജമാക്കും.
മോട്ടോര്‍ വാഹന വകുപ്പിന്റെ 20 സ്‌ക്വാഡുകള്‍ 2.50 കിലോമീറ്റര്‍ ദൂരം ഉണ്ടാകും. അപകടം സംഭവിച്ചാല്‍ ഏഴ് മിനിറ്റിനകം സംഘം സംഭവസ്ഥലത്തെത്തും. ഇലക്ട്രിക് വാഹനങ്ങളാകും പട്രോളിങ്ങിന് ഉപയോഗിക്കുക. അപകടമേഖലയായ വിളക്കുവഞ്ചി, മണ്ണാറക്കുളഞ്ഞി എന്നിവിടങ്ങളില്‍ റിഫ്‌ലക്ടറുകള്‍ സ്ഥാപിക്കും. തമിഴ് തീര്‍ഥാടകര്‍ക്കായി ആര്യങ്കാവില്‍നിന്ന് പമ്പയിലേക്ക് ബസ് ഏര്‍പ്പാടാക്കുമെന്നും മന്ത്രി പറഞ്ഞു. അപകടരഹിത യാത്രയ്ക്കായി ഡ്രൈവര്‍മാരെ ബോധവല്‍ക്കരിക്കാന്‍ ആറു ഭാഷകളില്‍ വീഡിയോ പ്രദര്‍ശിപ്പിക്കും.അതേസമയം മണ്ഡലകാലത്ത് ദര്‍ശനത്തിനുള്ള വെര്‍ച്വല്‍ ക്യു എടുക്കാന്‍ കഴിയാത്ത തീര്‍ഥാടകര്‍ക്കായി മൂന്ന് സ്ഥലങ്ങളില്‍ സ്പോട്ട് ബുക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ബുക്കിങ്ങിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. സ്പോട്ട് ബുക്കിങ് ചെയ്യുന്നവര്‍ക്ക് ഫോട്ടോ പതിച്ച പാസ് നല്‍കാനും ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു.പമ്പ, എരുമേലി, സത്രം (പീരുമേട്) എന്നിവിടങ്ങളിലാണ് കൗണ്ടര്‍ തുറക്കുക. പമ്പയിലെ വലിയ തിരക്ക് പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം കൂട്ടും. കഴിഞ്ഞ തീര്‍ഥാടന കാലത്തും മാസപൂജയ്ക്കും മൂന്നു കൗണ്ടറായിരുന്നു ഉണ്ടായിരുന്നത്. അത് ആറായി ഉയര്‍ത്തും.