തൃശൂര്‍ : കരുവന്നൂര്‍ കള്ളപ്പണയിടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രറേറ്റ്. സിപിഎം നേതാവും തൃശൂര്‍ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണന്‍ സ്വത്ത് വിവരങ്ങള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കി. വ്യാഴാഴ്ചയ്ക്കുള്ളില്‍ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി നിര്‍ദ്ദേശം. എം.കെ കണ്ണന്‍ പ്രസിഡന്റായി തുടരുന്ന തൃശൂര്‍ കോ -ഓപ്പറേറ്റീവ് ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ് കുമാര്‍ മിക്ക ഇടപാടും നടത്തിയിട്ടുള്ളത്. കോടികളുടെ ഇടപാട് രേഖകള്‍ ഈ ബാങ്കില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയിഡില്‍ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടാന്‍ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി. പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കരുവന്നൂര്‍ ബാങ്കിലേക്ക് സഹകരണ ബാങ്കുകളില്‍ നിന്നുള്ള നിക്ഷേപം ഉറപ്പാക്കാന്‍ നാളെയും മറ്റന്നാളുമായി നിര്‍ണ്ണായക ചര്‍ച്ചകളാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നേതൃത്വത്തില്‍ നടക്കുന്നത്. സഹകരണ സംഘങ്ങളില്‍ നിന്ന് കരുവന്നൂരിലേക്ക് നിക്ഷേപം എത്തിക്കുന്നതിന് ഒപ്പം കേരള ബാങ്കിലെ കരുതല്‍ നിധിയില്‍ നിന്ന് പണം എടുക്കുന്നതിനുള്ള കാലതാമസവും തടസങ്ങളും മറികടക്കാനും തിരക്കിട്ട കൂടിയാലോചനകള്‍ നടക്കുകയാണ്. നാളെ കൊച്ചിയിലാണ് കേരള ബാങ്ക് പ്രതിനിധികളുമായി സഹകരണ മന്ത്രി ചര്‍ച്ച നടത്തുന്നത്. മറ്റന്നാള്‍ മന്ത്രി വിളിച്ചിരിക്കുന്ന ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാര്‍ക്ക് പുറമെ സെക്രട്ടറിമാരോടും പങ്കെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.