കൊവിഷീല്‍ഡ് ഒറ്റ ഡോസ് മതിയോ? 
 പുതിയ പഠനം നടത്താന്‍ കേന്ദ്രം


ദില്ലി: കൊവിഡ് 19 വാക്‌സിനേഷന്‍ സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് വിതരണം ചെയ്ത കൊവിഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസ് മതിയാകുമോ എന്നതടക്കമുള്ള പരിശോധനകളാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമത്തിലൂടെ കടന്നു പോകുന്നതിനിടെയാണ് കേന്ദ്രത്തിന്റെ പുതിയ നീക്കം.
ഏറ്റവുമധികം വിതരണം ചെയ്യുന്ന വാക്‌സിന്‍

രാജ്യത്ത് നിലവില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന കൊവിഡ് 19 വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കൊവിഷീല്‍ഡാണ്. രാജ്യത്ത് 90 ശതമാനം പേര്‍ക്കും ഇതുവരെ വിതരണം ചെയ്ത വാക്‌സിന്‍ ഇതാണ്. ഇതിനകം രാജ്യത്ത് മൊത്തം 20 കോടിയോളം ഡോസ് വാക്‌സിനാണ് വിതരണം ചെയ്തിട്ടുള്ളത്. എന്നാല്‍ ജൂണ്‍ മാസം മുതല്‍ പ്രതിമാസം 10 കോടി ഡോസ് വാക്‌സിന്‍ നല്‍കാനാകുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ പഠനം നിര്‍ണായകമാണ്.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് 12 ആഴ്ചകളുടെ ഇടവേളയില്‍ നല്‍കിയാല്‍ മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. വാക്‌സിന്‍ ഇടവേള വര്‍ധിപ്പിക്കുന്നത് കൂടുതല്‍ രോപ്രതിരോധശേഷി ലഭിക്കാന്‍ സഹായിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. എന്നാല്‍ ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തില്‍ രോഗപ്രതിരോധശേഷിയിലുണ്ടാകുന്ന മാറ്റമാണ് പുതിയ വാക്‌സിന്‍ ട്രാക്കറിന്റെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ പഠന വിധേയമാക്കുന്നതെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാക്‌സിന്‍ ഒറ്റ ഡോസ് മതിയോ എന്ന കാര്യം പരിശോധിക്കുക. ഓഗസ്റ്റ് മാസത്തോടെ ഈ പഠനം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.


രോഗതീവ്രത കുറയ്ക്കാനും കൊവിഡ് മരണങ്ങള്‍ ഒഴിവാക്കാനുമാണ് രാജ്യത്ത് വാക്‌സിനേഷന്‍ നടപ്പാക്കുന്നത്. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ച ചിലര്‍ക്കെങ്കിലും രോഗബാധ ഉണ്ടായതായും മരണങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരില്‍ എത്ര പേര്‍ക്ക് വീണ്ടും കൊവിഡ് ബാധിച്ചെന്നോ എത്ര പേര്‍ മരിച്ചെന്നോ ഉള്ള ക്രോഡീകരിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമില്ല. ഒറ്റ ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷമുണ്ടായ കൊവിഡ് രോഗബാധയും മരണങ്ങളും സംബന്ധിച്ച വിവരങ്ങളും ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാറ്റ്‌ഫോം തയ്യാറാക്കുന്നത്. വാക്‌സിനേഷന്‍ സംബന്ധിച്ച വിവരങ്ങളും കൊവിഡ് പോസിറ്റീവ് കേസുകള്‍ സംബന്ധിച്ച ഡേറ്റയും ഏകോപിപ്പിക്കുകയാണ് പുതിയ പ്ലാറ്റ്‌ഫോം ചെയ്യുന്നത്. 'ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാക്‌സിന്റെ ഫലപ്രാപ്തി, വീണ്ടും രോഗബാധയുണ്ടാകുന്ന സാഹചര്യം തുടങ്ങിയ വിവരങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.' ദേശീയ വാക്‌സിനേഷന്‍ സാങ്കേതിക ഉപദേശക സമിതിയിലെ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍കെ അറോറ പറഞ്ഞു. യഥാര്‍ഥ സാഹചര്യങ്ങളില്‍ വാക്‌സിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടെന്ന് ഇന്ത്യ ഇതാദ്യമായാണ് പഠിക്കുന്നത്.

കൊവിഷീല്‍ഡ് വാക്‌സിന്‍ ഒറ്റ ഡോസ് മാത്രം നല്‍കിയാല്‍ മതിയോ എന്നതാണ് പ്രധാന ചോദ്യം. ഇതിന്റെ ഉത്തരമറിയുന്നതും ഈ പഠനത്തിന്റെ ലക്ഷയ്മാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൊവിഷീല്‍ഡ് ഒരു വൈറല്‍ വെക്ടര്‍ വാക്‌സിനാണ്. ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ള ചില വൈറല്‍ വെക്ടര്‍ വാക്‌സിനുകള്‍ ഒറ്റ ഡോസ് മാത്രം നല്‍കാന്‍ പാകത്തിനു തയ്യാറാക്കിയിട്ടുള്ളതാണ്. ഈ രീതി കൊവിഷീല്‍ഡിനും ഫലപ്രദമാകുമോ എന്നാണ് പരിശോധിക്കുന്നത്. റഷ്യ വികസിപ്പിച്ച സ്പുട്‌നിക് 5 വാക്‌സിന്‍ രണ്ട് ഡോസാണ് നല്‍കുന്നതെങ്കിലും ഇതിന്റെ ഒറ്റ ഡോസ് രൂപവും ഇപ്പോള്‍ പുറത്തിറങ്ങുന്നുണ്ട്. ഈ പഠനം ഫലം കണ്ടാല്‍ രാജ്യത്തെ വാക്‌സിനേഷന്‍ വേഗം ഇരട്ടിയോളമാകും.

അതേസമയം, മുന്‍പ് യുകെ സര്‍ക്കാര്‍ സ്വീകരിച്ച ഒരു നടപടി ഇതിനു നേരെ വിപരീതമാണ്. വാക്‌സിന്‍ ഇടവേള വര്‍ധിപ്പിച്ചാല്‍ പ്രതിരോധ ശേഷി വര്‍ധിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍ രണ്ടാം ഡോസ് 12 ആഴ്ചയ്ക്കു ശേഷം മതിയെന്നു തീരുമാനിച്ചത്. എന്നാല്‍ രോഗവ്യാപന തോത് കൂടിയ പുതിയ വകഭേദങ്ങളെ പ്രതിരോധിക്കാന്‍ രണ്ടാം ഡോസ് നിര്‍ണായകമാണെന്നു കണ്ട യുകെ സര്‍ക്കാര്‍ ഇടവേള വീണ്ടും കുറച്ചിരുന്നു.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media