പഞ്ചായത്തുകളുടെ ഫണ്ടുകള്‍ സര്‍ക്കാര്‍
വെട്ടിക്കുറയ്ക്കുന്നു: എന്‍. സുബ്രഹ്മണ്യന്‍
കോഴിക്കോട്: ഗ്രാമപഞ്ചായത്ത് വികസന ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുകയും വൈദ്യുതി, വെള്ളം, വീട്ടുകരം ചാര്‍ജുകള്‍ അശാസ്ത്രീയമായി വര്‍ധിപ്പിക്കുകയും ചെയ്ത സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി. പയ്യിമ്പ്രയില്‍ നടന്ന സംഗമം മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഇടതു മുന്നണി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടുകള്‍ അനുവദിക്കുന്നതില്‍ കടിഞ്ഞാണിടുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവര്‍ഷവും പ്ലാന്‍ ഫണ്ടില്‍ പത്ത് ശതമാനം വര്‍ധന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികം അനുവദിക്കുന്നത് പതിവാണ്. എന്നാല്‍ ഇക്കുറി ഇടതു സര്‍ക്കാര്‍ വര്‍ധന ഒന്നും അനുവദിച്ചിട്ടില്ല. ഫണ്ടുകള്‍ ഒരു ഭാഗത്ത് വെട്ടിച്ചുരുക്കുമ്പോള്‍ സര്‍ക്കാര്‍ മറ്റൊരുഭാഗത്ത് കടങ്ങള്‍ ഒരു നിയന്ത്രണവുമില്ലാതെ വാങ്ങിക്കൂട്ടുകയാണ്. യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഉണ്ടായിരുന്ന കേരളത്തിന്റെ പൊതുകടത്തിന്റെ നാലിരട്ടിയാണ് ഇപ്പോളത്തെ കടമെന്നും സുബ്രഹ്മണ്യന്‍ പറഞ്ഞു.
ചടങ്ങില്‍ യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ ചെറുവലത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം നാസര്‍ എസ്റ്റേറ്റ് മുക്ക് മുഖ്യ പ്രഭാഷണം നടത്തി. അക്കിനാരി മുഹമ്മദ്, സത്യനാരായണന്‍, സനൂജ്, കെ.സി. ഭാസ്‌കരന്‍ മാസ്റ്റര്‍, മായിന്‍ മാസ്റ്റര്‍, കെ.എം. ചന്ദ്രന്‍, ടി.കെ. ജയകൃഷ്ണന്‍, ആലിക്കുട്ടി മാസ്റ്റര്‍ കുരുവട്ടൂര്‍ പഞ്ചായത്ത് അംഗങ്ങളായ ബീവിടീച്ചര്‍, ശശികല പുനപ്പോത്തില്‍, നൂറുദ്ദീന്‍, ബേബി പെരുന്നാട്ടു ചാലില്‍ എന്നിവര്‍ സംസാരിച്ചു.