സേനക്കെതിരെ തുടര്‍ച്ചയായി ആക്ഷേപം
ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് ഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സേനയ്ക്ക് എതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ അടിയന്തരയോഗം വിളിച്ച് ഡിജിപി അനില്‍കാന്ത് വെളളിയാഴ്ചയാണ് യോഗം വിളിച്ച് ചേര്‍ക്കാനിരിക്കുന്നത്. പൊലീസിനെതിരെ തുടര്‍ച്ചയായി കോടതി വിമര്‍ശനങ്ങളുണ്ടാകുന്നു. പൊലീസിന്റെ ഭാഗത്ത് നിന്നുള്ള ക്രൂരതകളുടെ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുന്നു. സര്‍വീസിന് തന്നെ മാനക്കേടാകുന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്ന പശ്ചാത്തലത്തിലാണ് ഡിജിപി അനില്‍ കാന്ത് യോഗം വിളിച്ചിരിക്കുന്നത്.
എസ്പിമാര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും നേരിട്ട് പങ്കെടുക്കണമെന്നാണ് ഡിജിപി നിര്‍ദേശിച്ചിരിക്കുന്നത്. സ്ത്രീസുരക്ഷ, പോക്‌സോ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പ്രത്യേകം ചര്‍ച്ച ചെയ്യും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം നേരിട്ട് ചേരുന്നത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള വകുപ്പാണ് ആഭ്യന്തരവകുപ്പ്. പൊലീസിന്റെ പല പ്രവൃത്തികളും സര്‍ക്കാരിന് തന്നെ നാണക്കേടുണ്ടാക്കുന്നുവെന്ന ആരോപണം പാര്‍ട്ടിക്കകത്ത് നിന്ന് തന്നെ ഉയരുന്ന പശ്ചാത്തലത്തില്‍ക്കൂടിയാണ് ഡിജിപി പൊലീസുദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേര്‍ക്കാനിരിക്കുന്നത്.
ആലുവയിലെ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം വലിയ വിവാദമായതാണ്. ഗാര്‍ഹികപീഡനപരാതിയുമായി എത്തിയ മോഫിയയോടും കുടുംബത്തോടും വളരെ മോശം ഭാഷയുപയോഗിച്ചാണ് സിഐ സുധീര്‍ പെരുമാറിയതെന്നും, മോഫിയയുടെ അച്ഛനോട് 'താനൊരു തന്തയാണോടോ' എന്നടക്കം ചോദിച്ചെന്നും ആരോപണങ്ങളുയര്‍ന്നിരുന്നു. ഈ മോശം പെരുമാറ്റത്തില്‍ക്കൂടി മനംനൊന്താണ് മോഫിയ ആത്മഹത്യ ചെയ്തതെന്ന് ആത്മഹത്യാക്കുറിപ്പില്‍ത്തന്നെ വ്യക്തമാണ്. അഞ്ചല്‍ സിഐയായിരിക്കെ ഉത്ര വധക്കേസില്‍ ഗുരുതരമായ വീഴ്ച വരുത്തിയതിന് വകുപ്പുതല നടപടി നേരിട്ടയാളാണ് സിഐ സുധീര്‍. അഞ്ചലില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിലും സിഐ സുധീറിനെതിരെ ഉയര്‍ന്നത് ഗുരുതര ആരോപണങ്ങളാണ്. മൃതദേഹങ്ങളോട് അനാദരവ് കാട്ടിയെന്ന് ആരോപണമുയര്‍ന്നതോടെ എസ്പി ഹരിശങ്കര്‍ സുധീറിനെതിരെ നടപടി വേണമെന്നും, ഇനി ക്രമസമാധാനച്ചുമതല സുധീറിനെ ഏല്‍പിക്കരുതെന്നും റിപ്പോര്‍ട്ട് നല്‍കി. പിന്നീടാണ് എറണാകുളം റൂറലിലേക്ക് സുധീറിനെ മാറ്റുന്നത്.
ഗാര്‍ഹികപീഡനം നേരിട്ടാല്‍ ഒരു മിസ്ഡ് കോള്‍ നല്‍കിയാല്‍ പൊലീസ് വീട്ടിലെത്തി കേസെടുക്കുമെന്നാണ് ഡിജിപിയുടെ പ്രഖ്യാപനം. എന്നാല്‍ പരാതിയുമായി ഒരു യുവതി പൊലീസ് സ്റ്റേഷനിലെത്തിയിട്ടും തീര്‍ത്തും ക്രൂരമായ പെരുമാറ്റമായിരുന്നു നേരിടേണ്ടി വന്നത്. സമാനമായ തരത്തില്‍ എറണാകുളം നായരമ്പലത്ത് വീട്ടമ്മയും മകനും പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഉണ്ടായ പൊലീസ് വീഴ്ചയില്‍ കുടുംബം തന്നെ നേരിട്ട് ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. വീട്ടമ്മയെ യുവാവ് ശല്യപ്പെടുത്തുന്നുവെന്ന് പല തവണ പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്നും കുടുംബം വ്യക്തമാക്കുന്നു.
ഒരു കുഞ്ഞിനെയും അച്ഛനെയും നടുറോഡില്‍ നിര്‍ത്തി മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ക്രൂരമായി അപമാനിച്ച പിങ്ക് പൊലീസുകാരിക്കെതിരെ കാര്യമായി ഒരു നടപടിയുമുണ്ടായിട്ടില്ല. രണ്ടാനച്ഛന്‍ പീഡിപ്പിക്കുന്നുവെന്ന് പരാതി നല്‍കിയിട്ടും, മുംബൈയില്‍ താമസിക്കുന്ന മലയാളി യുവതിയെയും മകനെയും അതേ പ്രതിക്കൊപ്പം വിട്ട പൊലീസ്, അയാളെ യുവതി ആക്രമിച്ചെന്ന പരാതിയില്‍ അവരെ ജയിലിലിട്ടത് 47 ദിവസമാണ്. കേരളം ഏറെ ചര്‍ച്ച ചെയ്ത അനുപമയുടെ കേസില്‍ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ പല തവണ പരാതിയുമായി ചെന്നിട്ടും കുഞ്ഞിനെ വിട്ടുകിട്ടാനുള്ള ഒരു ഇടപെടലും പൊലീസ് നടത്തിയില്ല എന്ന ആരോപണമുയരുന്നുണ്ട്.
കഴക്കൂട്ടത്ത് വീടിനടുത്ത് നിന്ന യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച എസ്‌ഐയ്ക്ക് സസ്‌പെന്‍ഷനിലായെങ്കിലും ഒരാഴ്ചയ്ക്കകം തിരിച്ചെടുത്ത് ക്രമസമാധാനച്ചുമതല നല്‍കി, ചടയമംഗലത്ത് എഴുപതുകാരനെ വാഹനപരിശോധനയ്ക്കിടെ കരണത്തടിച്ച് ജീപ്പിലേക്കെറിഞ്ഞ എസ്‌ഐയ്ക്ക് വെറും കഠിനപരിശീലനം ശിക്ഷ, കൊട്ടാരക്കര സ്റ്റേഷനില്‍ പരാതിക്കാര്‍ക്ക് മുന്നില്‍ വച്ച് തമ്മിലടിച്ച വനിതാ എസ്‌ഐമാരെ സ്ഥലം മാറ്റി കേസൊതുക്കി. ഒരു എസ്‌ഐയുടെ കയ്യൊടിഞ്ഞത് കേസാക്കിയതുമില്ല. ഇങ്ങനെ നിരവധി സംഭവങ്ങള്‍ പൊലീസ് സേനയ്ക്ക് കളങ്കമായി നില്‍ക്കുമ്പോഴാണ് ഡിജിപി ഉന്നത പൊലീസുദ്യോഗസ്ഥരുടെ നേരിട്ടുള്ള യോഗം വിളിക്കുന്നത്.