എല്‍ദോസിനും കടകം പള്ളിക്കും രണ്ടു നിയമാമോ?
തിരുവനന്തപുരം: സിപിഎം നേതാക്കന്മാര്‍ക്ക് എതിരായ സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗുരുതതരമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. നേതാക്കള്‍ക്ക് എതിരായ ആരോപണങ്ങള്‍ എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കണം. നിരപരാധിത്വം മുന്‍ മന്ത്രിമാര്‍ തെളിയിക്കട്ടേയെന്നും സതീശന്‍ പറഞ്ഞു. കെപിസിസി പ്രസിഡണ്ട് കെ സുധാകരനും വിഷയത്തില്‍ പ്രതികരിച്ചു. സ്വപന തെളിവ് വച്ചാണ് സംസാരിക്കുന്നത്. സിപിഎം ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല, മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഒന്നും പറയാനില്ലേ? എല്‍ദോസിന് ഒരു നിയമവും കടകംപള്ളിക്ക് മറ്റൊരു നിയമവും എന്നാണോയെന്നും സുധാകരന്‍ ചോദിച്ചു.
എല്‍ദോസ് വിഷയത്തില്‍ കെപിസിസി നേതാക്കന്മാരുടെ യോഗം വൈകിട്ട് ചേരും. പരാതിയും കോടതി പരാമര്‍ശവും പരിശോധിക്കും. എല്‍ദോസിന്റെ വിശദീകരണവും പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷം എംഎല്‍എക്കെതിരെ നടപടിയെടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു. ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് കടകം പള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നീ സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ലൈംഗികാരോപണം ഉന്നയിച്ചത്.
കടകംപള്ളി സുരേന്ദ്രന്‍ കൊച്ചിയില്‍ വച്ച് ഹോട്ടല്‍ മുറിയിലേക്ക് ക്ഷണിച്ചുവെന്നും പി. ശ്രീരാമകൃഷ്ണന്‍ ഔദ്യോഗിക വസതിയിലേക്ക് ഒറ്റക്ക് വരാന്‍ ആവശ്യപ്പെട്ടെന്നും തോമസ് ഐസക് മൂന്നാറിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞെന്നുമാണ് സ്വപ്‌നയുടെ ആരോപണം. 'ചതിയുടെ പത്മവ്യൂഹം' എന്ന പുസ്തകത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസുമായി സംസാരിക്കുവേയായിരുന്നു വെളിപ്പെടുത്തല്‍.
ഗുരുതര ആരോപണമാണ് മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സ്വപ്ന സുരേഷ് നടത്തിയത്. ഒരു എംഎല്‍എയോ മന്ത്രിയോ ആയിരിക്കാന്‍ യോഗ്യതയില്ലാത്ത വ്യക്തിയാണ് കടകംപള്ളി സുരേന്ദ്രനെന്ന് സ്വപ്ന തുറന്നടിച്ചു. 'ഒരു രാഷ്ട്രീയക്കാരനാകാന്‍ പോലും കടകംപള്ളിക്ക് അര്‍ഹതയില്ല. ഒരു കാരണവശാലും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവനാണ് കടകംപള്ളി. ഫോണില്‍ കൂടി മോശമായി സംസാരിക്കുകയും ലൈംഗികചുവയോടെ പെരുമാറുകയും ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് വരാമെന്നും ഹോട്ടലില്‍ റൂമെടുക്കാമെന്നും പറഞ്ഞു. ലൈംഗിക ചുവയുള്ള മെസേജുകള്‍ അയച്ചു. റൂമിലേക്ക് ചെല്ലാനായി നിര്‍ബന്ധിച്ചു. സാധാരണ പല സ്ത്രീകളും ചെയ്യുന്നത് പോലെ എനിക്കും ആ മെസേജുകള്‍ ദുരുപയോഗം ചെയ്യാനും ബ്ലാക്ക്‌മെയില്‍ ചെയ്യാനും കഴിയുമായിരുന്നു. എന്നാന്‍ താനത് ചെയ്തിട്ടില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
പി. ശ്രീരാമകൃഷ്ണന്‍ കോളേജ് വിദ്യാര്‍ത്ഥിയെ പോലെയാണ് പെരുമാറിയിട്ടുള്ളതെന്നും സ്വപ്ന പറഞ്ഞു. കോളേജ് കുട്ടികളെപ്പോലെ ഐ ലവ് യു എന്നെല്ലാമുളള അനാവശ്യ മെസേജുകളയക്കുന്ന ബാലിശ സ്വഭാവക്കാരനാണ് മുന്‍ സ്പീക്കര്‍. ഔദ്യോഗിക വസതിയിലെ മദ്യപാന സദസിനിടെ മോശമായി പെരുമാറി. ഒറ്റയ്ക്ക് ഔദ്യോഗിക വസതിയിലെത്താന്‍ ആവശ്യപ്പെട്ടു. ഇത്തരം ഫസ്‌ട്രേഷനുകള്‍ ഉള്ളയാളാണ് ശ്രിരാമകൃഷണനുമെന്നും സ്വപ്ന പറഞ്ഞു. തോമസ് ഐസകും മോശമായി സംസാരിച്ചു. മറ്റുള്ളവരെ പോലെ നേരിട്ട് പറഞ്ഞിരുന്നില്ല. മൂന്നാറിലേക്ക് ക്ഷണിക്കുകയും മൂന്നാര്‍ സുന്ദരമായ സ്ഥലമാണെന്ന് പറയുകയും ചെയ്തു. സൂചനകള്‍ തന്നാണ് തോമസ് ഐസക്ക് പെരുമാറിയതെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു.