യുക്രൈന്‍ രക്ഷാദൗത്യത്തിന് വ്യോമസേന ഇറങ്ങുന്നു ഇന്ത്യക്കാര്‍ അടിയന്തരമായി കീവ് വിടണം


ദില്ലി: റഷ്യന്‍ സൈന്യം യുക്രൈന്‍ അധിനിവേശം കടുപ്പിച്ചതിന് പിന്നാലെ യുക്രൈനിലും തലസ്ഥാനമായ കീവിലുമുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ഒഴിപ്പിക്കല്‍ ദ്രുതഗതിയിലാക്കി കേന്ദ്രസര്‍ക്കാര്‍. യുക്രൈന്‍ ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ പങ്കെടുക്കാന്‍ വ്യോമസേനയ്ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനങ്ങളെ ഉപയോഗിച്ച് യുക്രൈന്‍ ഒഴിപ്പിക്കല്‍ അതിവേഗത്തിലാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. ഇന്ത്യന്‍ വ്യോമസേനയുടെ സി17 വിമാനങ്ങളാവും ദൗത്യത്തിനായി ഉപയോഗിക്കുക. യുക്രൈനും യുക്രൈന്‍ അഭയാര്‍ത്ഥികള്‍ അഭയം പ്രാപിച്ച സമീപരാജ്യങ്ങള്‍ക്കും മരുന്നും മറ്റു സഹായങ്ങളും നല്‍കുമെന്ന് ഇന്ത്യ നേരത്തെ അറിയിച്ചിരുന്നു. 

മരുന്നുകളും മറ്റു സാമാഗ്രഹികളും കൈമാറാന്‍ സി17 വിമാനങ്ങള്‍ ഇന്ത്യ അങ്ങോട്ട് അയക്കുന്നുണ്ട്. സഹായങ്ങളുമായി വിവിധ രാജ്യങ്ങളിലേക്ക് പോകുന്ന സി17 വിമാനങ്ങള്‍ അവിടെ കുടുങ്ങിയ ഇന്ത്യക്കാരുമായി തിരിച്ചു വരാനാണ് പദ്ധതിയിടുന്നത്. നിലവില്‍ സ്വകാര്യ എയര്‍ലൈന്‍ കമ്പനികളായ എയര്‍ഇന്ത്യ, സ്‌പൈസ് ജെറ്റ്, ഇന്‍ഡി?ഗോ എന്നീ വിമാനക്കമ്പനികള്‍ യുക്രൈന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് ഇന്ത്യക്കാരെ കൊണ്ടുവരാനായി സര്‍വ്വീസ് നടത്തുന്നുണ്ട്. അടുത്ത രണ്ട് ദിവസത്തിനകം 23 സര്‍വ്വീസുകള്‍ കൂടി ഈ കമ്പനികള്‍ നടത്തും. ഇതോടൊപ്പമായിരിക്കും വ്യോമസേനാ വിമാനങ്ങളുടെ സര്‍വ്വീസ്. ഇന്നും നാളെയുമായി പ്രധാനമന്ത്രി ചുമതലപ്പെടുത്തിയ കേന്ദ്രമന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ വിവിധ രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. സ്വകാര്യ വിമാനക്കമ്പനികളെ ഉപയോഗിച്ച് മാത്രം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മൊത്തം തിരിച്ചെത്തിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമായതോടെയാണ് വ്യോമസേനയെ കൂടി രംഗത്ത് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. 

അതേസമയം യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തു കടക്കണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി പൗരന്‍മാരോട് ആവശ്യപ്പെട്ടു.  വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഇന്ന് അടിയന്തിരമായി കൈവ് വിടണം എന്നാണ് എംബസി പുറത്തു വിട്ട നിര്‍ദേശം. ട്രെയിനുകള്‍ വഴിയോ മറ്റു ഏതെങ്കിലും വഴിയോ തലസ്ഥാനത്തിന് പുറത്ത് എത്താന്‍ നിലവില്‍ കീവിലുള്ള എല്ലാ പൗരന്‍മാരും ശ്രമിക്കണമെന്ന് ഇന്ത്യന്‍ എംബസിയുടെ അറിയിപ്പില്‍ പറയുന്നു. 

ഇന്ത്യന്‍ എംബസിയെ കൂടാതെ ചൈനയടക്കം വേറെ ചില രാജ്യങ്ങളും തങ്ങളുടെ പൗരന്‍മാരോട് കീവില്‍ നിന്നും ഇന്ന് പുറത്തു പോകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. കീവ് ലക്ഷ്യം വച്ച് റഷ്യ സൈനികനീക്കം ശക്തമാക്കുന്നുവെന്ന റിപ്പോര്‍്ട്ടുകളുടെ അടിസ്ഥാനത്തിലാണ് എത്രയും പെട്ടെന്ന് തലസ്ഥാനം വിടാന്‍ രാജ്യങ്ങള്‍ പൗരന്‍മാരോട് ആവശ്യപ്പെട്ടത്. യുദ്ധം തുടങ്ങി ഇത്ര ദിവസമായെങ്കിലും പല മേഖലകളിലും യുക്രൈന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഈ സാഹചര്യത്തില്‍ വന്‍ പടക്കോപ്പുകളും ആയുധശേഖരവുമായി 64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഒരു സൈനിക വ്യൂഹം കീവ് ലക്ഷ്യമാക്കി റഷ്യയില്‍ നിന്നും നീങ്ങുന്നുണ്ട്. കീവ് നഗരത്തെ വളഞ്ഞ് ഒറ്റപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്രയും ബൃഹത്തായ ഒരു സൈന്യത്തെ റഷ്യ അയക്കുന്നത്. അടുത്ത 24 മുതല്‍ 48 വരെ മണിക്കൂറില്‍ ഈ സൈനികവ്യൂഹം കീവിന് അടുത്ത് എത്തും എന്നാണ് ചില അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media