കശ്മീരിലേക്ക് സ്‌പെഷ്യല്‍ ഓഫറുമായി ഐആര്‍സിടിസി
കശ്മീരിലേക്ക് സ്‌പെഷ്യല്‍ ടൂര്‍ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി. ശ്രീനഗര്‍, ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, പഹല്‍ഗാം എന്നിവിടങ്ങളിലായി അഞ്ച് രാത്രിയും ആറ് പകലും അടങ്ങുന്നതാണ് പാക്കേജെന്നാണ് വിവരം.
മുംബൈയില്‍ നിന്നാണ് യാത്ര ആരംഭിക്കുക. ഇവിടെനിന്ന് ശ്രീനഗറിലേക്ക് വിമാനത്തില്‍ പോകും. സെപ്റ്റംബര്‍ 25, 26 ദിവസങ്ങളിലാണ് യാത്ര ആരംഭിക്കുക. ശ്രീനഗറില്‍ എത്തിക്കഴിഞ്ഞാല്‍ ആദ്യം ശങ്കരാചാര്യ ക്ഷേത്രം സന്ദര്‍ശിക്കും. തുടര്‍ന്ന് ഹൗസ് ബോട്ടില്‍ ചെക്ക് ഇന്‍ ചെയ്യും. വൈകുന്നേരം ദാല്‍ തടാകത്തില്‍ സ്വന്തം ചെലവില്‍ ശിക്കാര റൈഡ് ആസ്വദിക്കാം. രാത്രി താമസവും ഭക്ഷണവും ഹൗസ് ബോട്ടിലാണ്.
രണ്ടാംദിനം പ്രഭാതഭക്ഷണശേഷം പഹല്‍ഗാമിലേക്കാണ് യാത്ര. വഴിയില്‍ ബെറ്റാബ് താഴ്‌വര, അവന്തിപു, ചന്ദന്‍വാടി, അരുവാലി തുടങ്ങിവ സന്ദര്‍ശിക്കും. രാത്രി പഹല്‍ഗാമിലാണ് താമസം. മൂന്നാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം ഗുല്‍മാര്‍ഗിലേക്ക് വരും. സ്വന്തം ചെലവില്‍ ഗൊണ്ടോള റൈഡ് അടക്കമുള്ള ഗുല്‍മാര്‍ഗിന്റെ പ്രാദേശിക കാഴ്ചകള്‍ ആസ്വദിക്കാം. അതിനുശേഷം ശ്രീനഗറിലേക്ക് മടങ്ങും.
നാലാം ദിനം പ്രഭാതഭക്ഷണത്തിന് ശേഷം സോനമാര്‍ഗിലേക്ക് പോകും. ഇവിടെ താജിവാസ് ഹിമാനിയിലേക്ക് കുതിര സവാരി ചെയ്യാം. അന്ന് രാത്രി ശ്രീനഗറില്‍ മടങ്ങിയെത്തും. അഞ്ചാം ദിവസം ശ്രീനഗറിലെ കാഴ്ചകള്‍ കാണാം. പ്രഭാതഭക്ഷണശേഷം മുഗള്‍ ഗാര്‍ഡന്‍സ്, നിഷാത് ബാഗ്, ഷാലിമാര്‍ ഗാര്‍ഡന്‍സ് എന്നിവ സന്ദര്‍ശിക്കും. തുടര്‍ന്ന് ദാല്‍ തടാകത്തിന്റെ തീരത്തുള്ള പ്രശസ്തമായ ഹസ്രത്ബാല്‍ മസ്ജിദിലെത്തും. വൈകുന്നേരം ഷോപ്പിങ്ങിന് സമയം ചെലവഴിക്കാം.
ആറാം ദിനം സഞ്ചാരികള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ ചെലവഴിക്കാം. വൈകീട്ട് 5.35നാണ് മുംബൈയിലേക്കുള്ള വിമാനം. 27,300 രൂപയാണ് പാക്കേജിന്റെ നിരക്ക് എന്നാണ് റിപ്പോര്‍ട്ടുകള്‍.