കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് നാടുകടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. താമസ കുടിയേറ്റ നിയമം ലംഘിക്കുന്ന പ്രവാസികള്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, തൊഴില്‍ നിയമലംഘകര്‍, ലഹരി കച്ചവടം, രാജ്യദ്രോഹ കുറ്റം എന്നീ നിയമലംഘനങ്ങളില്‍ പിടിക്കപ്പെടുന്നവരെ ശിക്ഷയ്ക്ക് ശേഷം നാടുകടത്തുകയാണ് പതിവ്.
ജനുവരി ആദ്യം മുതല്‍ ഓഗസ്റ്റ് 19 വരെ 25,000 പ്രവാസികളെ നാടുകടത്തി. പ്രതിദിനം ശരാശരി 108 പ്രവാസികള്‍ നാടുകടത്തപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍. നിയമം ലംഘിക്കുന്ന ആരോടും വിട്ടുവീഴ്ച വേണ്ടെന്നുള്ള ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിന്റെ പ്രത്യേക നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കര്‍ശന നടപടികള്‍ അതിവേ?ഗം തുടരുന്നത്. പൊതുതാല്‍പ്പര്യം മുന്‍നിര്‍ത്തി അഡ്മിനിസ്‌ട്രേറ്റീവ് തീരുമാന പ്രകാരം നാടുകടത്തപ്പെട്ടവരില്‍ 10,000 സ്ത്രീകളുമുണ്ട്.
ഒളിവില്‍ കഴിയുന്ന 100,000 നിയമലംഘകരെ പിടികൂടാന്‍ ആഭ്യന്തര മന്ത്രാലയം സുരക്ഷാ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യുന്നതിന് ശക്തമായ പരിശോധന ക്യാമ്പയിനുകള്‍ ആരംഭിക്കും. 2023 അവസാനത്തോടെ നാടുകടത്തപ്പെട്ടവരുടെ എണ്ണം 35,000 കടക്കാനാണ് സാധ്യത. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി മയക്കുമരുന്ന് പ്രൊമോട്ടര്‍മാരെയും ഉപയോഗിക്കുന്നവരെയും അറസ്റ്റ് ചെയ്യുകയും നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. പ്രവേശന കവാടങ്ങളില്‍ പഴുതടച്ച പരിശോധനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘകര്‍ക്ക് ജോലിയും അഭയവും നല്‍കുന്ന കമ്പനിക്കും സ്‌പോണ്‍സര്‍ക്കും പിഴ ചുമത്തും.