ഡോ. അനീസ് അലി
ലോക ആരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ പ്രമേയം 'തൊഴിലിടങ്ങളിലെ മാനസികാരോഗ്യം' എന്നതാണ്. ഇക്കാലത്ത് ഏറ്റവും പ്രസക്തവും ചര്‍ച്ച ചെയ്യേണ്ടതുമായ വിഷയമാണിത്.
മനുഷ്യരെല്ലാം ജോലി ചെയ്യുന്നത് ജീവിക്കാന്‍ വേണ്ടിയാണ്. ജീവിക്കാനായി ജോലി ചെയ്യണോ, അതല്ല ജോലി ചെയ്യാന്‍ മാത്രമായി ജീവിക്കണോ എന്നു പലരും ചോദിക്കാറുണ്ട്. ജോലി ചെയ്ത് ജീവിക്കണോ, അതല്ല ജോലിചെയ്ത് മരിക്കണോ എന്ന ഒരു വകഭേദവും ഈ ചോദ്യത്തിനുണ്ട്. ജോലിയും ജീവിതവും എങ്ങനെ ബാലന്‍സ് ചെയ്ത് മുന്നോട്ടുകൊണ്ടുപോകണം എന്നതാണ് അടിസ്ഥാനപരമായ കാര്യം.
ജീവിതം കവരുന്ന ജോലി
നമുക്ക് ജീവിക്കാന്‍ ഒരു ജോലി അത്യാവശ്യമാണ്. ചിലര്‍ ഒന്നിലേറെ ജോലി ചെയ്യുന്നു. ആ ജോലി നമ്മുടെ ജീവിതം കവരുന്ന അവസ്ഥ ഉണ്ടാവരുത്. ജീവിതത്തിന് ആവശ്യമായ പണം നേടാന്‍ ജോലി ചെയ്യുന്നതിനിടയില്‍ മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെട്ടുപോകുന്നതാണ് അടിസ്ഥാന പ്രശ്‌നം. നമ്മുടെ തൊഴില്‍ സാഹചര്യങ്ങളില്‍ നമ്മുടെ മനസ്സ് സംതൃപ്തമാണോ എന്നു നാം നിരന്തരം പരിശോധിക്കണം.
നമ്മുടെ തൊഴിലിടം മാനസികാരോഗ്യത്തിന് ഉതകുന്നതാണോ എന്നു പരിശോധിക്കാന്‍ 10 കാര്യങ്ങള്‍ ഓര്‍ത്തിരിക്കുക.
ഉത്കണ്ഠ
ഏത് ജോലിയും അതിന്റേതായ കാര്യഗൗരവത്തോടെ നിര്‍വഹിക്കണം. 'പോ പുല്ലേ' എന്ന മട്ടില്‍ നിസ്സാരവല്‍ക്കരിച്ച് ഒരു ജോലിയെയും സമീപിക്കരുത്. എന്നാല്‍, ചെയ്തുതീര്‍ക്കാനുള്ള ജോലി സംബന്ധിച്ച് അമിത ഉത്കണ്ഠ സ്ഥിരമായി വരുന്നുണ്ടെങ്കില്‍ അത് നമ്മുടെ മനസ്സിനെ ബാധിക്കുന്നു എന്ന് തിരിച്ചറിയണം. ജോലിയുടെ ഏത് ഘട്ടത്തിലാണ് ഉത്കണ്ഠ സംഭവിക്കുന്നത് എന്ന് മനസ്സിലാക്കി അത് ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണം. അമിത ഉത്കണ്ഠ നമ്മുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് മാത്രമല്ല, ജോലിയുടെ മികവ് ഇല്ലാതാക്കുകയും ചെയ്യും.
വിവേചനം
തൊഴില്‍സ്ഥലത്ത് ഏതെങ്കിലും തരത്തിലുള്ള വിവേചനം നേരിടുന്നുണ്ടെങ്കില്‍ അത് മാനസികാരോഗ്യത്തെ ബാധിക്കും. ജെന്‍ഡര്‍ വിവേചനം, മത-ജാതി-വംശ വേര്‍തിരിവുകള്‍, വര്‍ണ-സൗന്ദര്യ വിവേചനം, സാമ്പത്തികനിലയുടെ പേരിലുള്ള വേര്‍തിരിവുകള്‍ തുടങ്ങിയവയൊക്കെ നിര്‍ണായകമാണ്. ഇത്തരം വിവേചനങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ ആ ഓഫീസിലേക്കു പോകാന്‍ മനസ്സ് മടിക്കും. അത് ക്രമേണ ജോലിയുടെ മികവിനെ ബാധിക്കും.
അവഗണന
വിവേചനവും അവഗണനയും രണ്ടാണ്. ജോലിസ്ഥലത്ത് തുല്യത, മാന്യമായ പെരുമാറ്റം, ഭൗതിക സൗകര്യങ്ങള്‍ തുടങ്ങിയവ മെച്ചപ്പെട്ട രീതിയില്‍ ഉറപ്പാക്കുമ്പോഴും തൊഴില്‍പരമായി അവഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാം. നന്നായി ജോലി ചെയ്താലും അംഗീകരിക്കാതിരിക്കുക, ഒരേ തരം ജോലി ചെയ്യുന്നവരില്‍ ചിലര്‍ക്കുമാത്രം അംഗീകാരം നല്‍കുക, പ്രൊമോഷനും മറ്റ് ആനുകൂല്യങ്ങളും യഥാസമയം നല്‍കാതിരിക്കുക തുടങ്ങിയവ സംഭവിക്കാറുണ്ട്. ചിലര്‍ ജോലി ചെയ്യാന്‍ മിടുക്കരാണെങ്കിലും അംഗീകരിക്കപ്പെടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. മേലുദ്യോഗസ്ഥരുടെ പെരുമാറ്റം, സ്വജനപക്ഷപാതം തുടങ്ങിയവയും ഇതില്‍ നിര്‍ണായകമാണ്. ഇത്തരം സാഹചര്യങ്ങള്‍ തൊഴില്‍സ്ഥലത്തെ മാനസികാരോഗ്യം ഇല്ലാതാക്കുന്ന ഘടകങ്ങളാണ്.
തലവേദന, ഉറക്കമില്ലായ്മ
തൊഴില്‍സ്ഥലത്തെ പ്രശ്‌നങ്ങള്‍ വീട്ടിലേക്ക് കൊണ്ടുവരുന്നത് ജീവിതത്തിന്റെ സ്വസ്ഥത കെടുത്തും. ജോലിയും ജീവിതവും രണ്ടായി കാണാന്‍ കഴിയണം. അല്ലാത്തപക്ഷം, ജോലിയുമായി ബന്ധപ്പെട്ട ആകുലതകളും ആശങ്കകളും നിത്യജീവിതത്തെ സദാ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കും. ഉറക്കമില്ലായ്മ, നിരന്തരമായ തലവേദന, ശാരീരികക്ഷീണം തുടങ്ങിയവ ഇത്തരം ആളുകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ്. യഥാര്‍ഥത്തില്‍ അവരുടെ ശരീരത്തിനല്ല പ്രശ്‌നം. ജോലിപരമായ സംഘര്‍ഷങ്ങള്‍ നിരന്തരമായി മനസ്സിനെ അലട്ടുന്നതാണ് ശാരീരിക പ്രയാസങ്ങളായി പരിണമിക്കുന്നത്.
ഹിമാലയന്‍ ടാര്‍ഗറ്റ്
പല കമ്പനികളിലും ജോലിക്കാര്‍ ദിനംപ്രതിയോ ആഴ്ചയിലോ മാസത്തിലോ ഒക്കെ പൂര്‍ത്തിയാക്കേണ്ട ലക്ഷ്യങ്ങള്‍ (target) ഉണ്ടാകും. ഇത് പലപ്പോഴും എത്തിപ്പിടിക്കാന്‍ കഴിയുന്നതിന്റെ അപ്പുറമാകും. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാന്‍ കഴിയാതിരിക്കുകയും മേലധികാരികളുടെ നിരന്തര സമ്മര്‍ദം അനുഭവിക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ മാനസിക സംഘര്‍ഷം രൂപപ്പെടും. ഇത് ക്രമേണ ജോലിയോടുള്ള വിരസതയിലേക്കോ തൊഴില്‍ക്ഷമത നഷ്ടപ്പെടുന്നതിലേക്കോ നയിച്ചേക്കാം.
അനാവശ്യ താരതമ്യം
ഒരാളെ സമാന ജോലി ചെയ്യുന്ന മറ്റു വ്യക്തികളുമായി താരതമ്യം ചെയ്ത് ഇകഴ്ത്തിപ്പറയുന്നത് അയാളുടെ ജോലിയെ ബാധിക്കും. തനിക്കുമുന്‍പ് ഇതേ തസ്തിക വഹിച്ച ആള്‍ ഇതിനെക്കാള്‍ മികവില്‍ ജോലി ചെയ്യുമായിരുന്നു, അല്ലെങ്കില്‍ ഇതേ തസ്തികയില്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ആള്‍ കൊള്ളാം തുടങ്ങിയ തരത്തിലുള്ള താരതമ്യങ്ങള്‍ മനസ്സിനെ വിഷമിപ്പിക്കും. മറ്റുള്ളവര്‍ നടത്തുന്ന താരതമ്യം മാത്രമല്ല, ചിലര്‍ സ്വയം നടത്തുന്ന താരതമ്യവും ഇതേ അപകടം സൃഷ്ടിക്കും. ഞാന്‍ അവനെക്കാള്‍ മികച്ചതാണോ അതല്ല മോശമാണോ എന്ന് നിരന്തരം ആലോചിച്ചുനിന്നാല്‍ സ്വന്തം ജോലിയില്‍ ഏകാഗ്രത ഉണ്ടാകില്ല. സ്വന്തം ജോലിയെക്കുറിച്ച് എപ്പോഴും സമഗ്രമായ അവലോകനം (revies) നടത്തണം. അതുപക്ഷേ, അനാവശ്യവും അനാരോഗ്യകരവുമായ താരതമ്യം ആയി മാറരുത്.
ഏകാന്തത
ജനസമ്പര്‍ക്കമില്ലാത്തതും ഏകാന്തവുമായ ജോലികള്‍ മനസ്സിന്റെ ആരോഗ്യത്തെ ബാധിക്കാം. അതുകൊണ്ട് ഇത്തരം ജോലികള്‍ ആരും ചെയ്യാന്‍ പാടില്ല എന്ന് അര്‍ഥമില്ല. ഇത്തരം ജോലികളുടെ സാഹചര്യത്തെക്കുറിച്ച് വ്യക്തമായ ബോധ്യത്തോടെ വേണം ഏറ്റെടുക്കാന്‍. ജോലി കാരണമുള്ള ഏകാന്തത മറികടക്കാന്‍ ആവശ്യത്തിന് അവധിയെടുക്കുകയും കുടുംബത്തോടൊപ്പം ചെലവഴിക്കുകയും യാത്ര ചെയ്യുകയുമൊക്കെ വേണം. ഇങ്ങനെ കൃത്യമായ ആസൂത്രണമില്ലാതെ ഏകാന്ത ജോലികള്‍ ചെയ്യുന്നത് മനസ്സിനെ മടുപ്പിക്കുകയും ക്രമേണ അന്തര്‍മുഖ സ്വഭാവത്തിലേക്കു പോവുകയും ചെയ്യും.
പരസ്യമായ ആക്ഷേപം
സഹപ്രവര്‍ത്തകരെയും കീഴ്‌ജോലിക്കാരെയുമൊക്കെ മറ്റുള്ളവര്‍ക്കു മുന്‍പില്‍വച്ച് ആക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്നത് ചിലര്‍ക്ക് ഹരമാണ്. ഇത് വ്യക്തികളില്‍ സൃഷ്ടിക്കുന്ന മാനസികാഘാതം ചെറുതല്ല. ഒരുപക്ഷേ, ഒരു വ്യക്തിയെക്കുറിച്ച് ആരെങ്കിലും പരാതി ഉന്നയിച്ചതായിരിക്കാം. ഉടന്‍തന്നെ അയാളെ വിളിച്ച് പരാതിക്കാരന്റെ മുന്നില്‍വച്ചു തന്നെ ശാസിക്കുന്നത് ചിലരുടെ രീതിയാണ്. ഞാന്‍ ഉടനടി നടപടി എടുത്തു, ഞാന്‍ വലിയ കര്‍ക്കശക്കാരനാണ്, ജോലിയില്‍ വീഴ്ച വരുത്തിയാല്‍ ഇങ്ങനെയിരിക്കും എന്നൊക്കെ മറ്റുള്ളവരെ കാണിക്കാനുള്ള വ്യഗ്രതയാണ് ഈ മനോഭാവത്തിനുപിന്നില്‍. ഇതുപക്ഷേ, ജോലിക്കാരുടെ ആത്മവിശ്വാസം തകര്‍ക്കും. അവര്‍ വിശ്വസ്തതയോടെയും സത്യസന്ധതയോടെയും ജോലി ചെയ്യുന്ന സാഹചര്യം ഇല്ലാതാകും. ജോലിക്കാരെ ശാസിക്കരുതെന്നോ മുന്നറിയിപ്പ് നല്‍കരുതെന്നോ ഇതിന് അര്‍ഥമില്ല. അതുകൊണ്ട് ഗുണഫലം ലഭിക്കുന്ന വിധത്തിലാവണം എന്നതാണ് പ്രധാനം.
വരവറിയാത്ത ചെലവ്
ജോലി ലഭിച്ച് ശമ്പളം കിട്ടിത്തുടങ്ങുമ്പോള്‍ തന്നെ, ഒരുപക്ഷേ അതിന് മുന്‍പുതന്നെ, പലര്‍ക്കും വായ്പകളുടെ ഇ.എം.ഐ. തിരിച്ചടവും തുടങ്ങും. ഇതിനിടയ്ക്ക് ചിലവുകള്‍ കൂടിവരും. മറുവശത്ത് കടമെടുപ്പും കൂടും. ഇ.എം.ഐ അടച്ചുതീര്‍ക്കാന്‍ കഴിയാതെ വരുമ്പോള്‍ വീണ്ടും കടം. അങ്ങനെ, കടത്തിനുമേല്‍ കടമായി ജോലിയിലെ ഏകാഗ്രത പോകും. തനിക്ക് എത്ര രൂപ വരുമാനമുണ്ട് എന്നു മനസ്സിലാക്കി മാത്രമേ ചെലവുകള്‍ നടത്താവൂ. സാമ്പത്തിക അച്ചടക്കവും ആസൂത്രണവും വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ മറ്റൊരാളെ താരതമ്യം ചെയ്ത് സ്വന്തം ആവശ്യങ്ങള്‍ നിശ്ചയിക്കരുത്. പകരം, സ്വന്തം സാമ്പത്തികശേഷി നോക്കി വേണം ആവശ്യങ്ങള്‍ നിര്‍ണയിക്കാന്‍. അല്ലാത്തപക്ഷം ജോലിയും ജീവിതവും ഭാരമാകും.
വിശ്രമമില്ലായ്ക
ജോലി തീര്‍ത്തിട്ട് വിശ്രമിക്കാം എന്നാണ് തീരുമാനമെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും വിശ്രമിക്കാന്‍ കഴിയില്ല. ജോലി ഒന്നിനു പിറകെ മറ്റൊന്നായി കടന്നുവന്നുകൊണ്ടിരിക്കും. ജോലി പോലെത്തന്നെ വിശ്രമവും കൃത്യമായി ആസൂത്രണം ചെയ്യണം. കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുകയും യാത്രകള്‍ നടത്തുകയും വേണം. വിശ്രമം പ്രധാനവും ജോലി ഒരു സൈഡ് ബിസിനസും എന്ന രീതിയില്‍ ആയിപ്പോകരുത്. എന്നും യാത്രയും വിശ്രമവും എന്നതും പാടില്ല. അതേസമയം, മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമവും ആശ്വാസവും നല്‍കാന്‍ എപ്പോഴും ജാഗ്രത വേണം.
ലോകമൊന്നടങ്കം ജോലി ചെയ്യുന്നവരില്‍ 15% പേര്‍ ജോലി കാരണമുള്ള മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇതുകാരണം ഓരോ വര്‍ഷവും 1200 കോടി തൊഴില്‍ദിനങ്ങളാണ് നഷ്ടപ്പെടുന്നത്. തൊഴില്‍സ്ഥലത്തെ മാനസികാരോഗ്യം ഉറപ്പാക്കിയാല്‍ ഇത്രയും പേരുടെ ആരോഗ്യവും തൊഴില്‍ശേഷിയുമാണ് തിരിച്ചുപിടിക്കാന്‍ കഴിയുക. തൊഴില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ യഥാസമയം ശ്രദ്ധിച്ചില്ലെങ്കില്‍ ജീവിതം തന്നെ കൈവിട്ടുപോകും. തൊഴില്‍സമ്മര്‍ദം കാരണം ജീവിതം അവസാനിപ്പിക്കുന്നവരെ പോലും കാണാം. അതൊന്നും ഒരിക്കലും പരിഹാരമാര്‍ഗമല്ല. ജോലി നമുക്ക് ഭാഗ്യമാണോ ഭാരമാണോ എന്ന് തിരിച്ചറിയാന്‍ വൈകിപ്പോകരുത്. ഭാരമാകുന്നുണ്ടെങ്കില്‍ അത് കൈവിടുകയല്ല, ലഘൂകരിക്കാനുള്ള മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണ് വേണ്ടത്.
(ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും ക്ലിനിക്കല്‍ സൈക്യാട്രിസ്റ്റ് ആയി സേവനം ചെയ്യുന്ന ഡോ. അനീസ് അലി, ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റി കേരള ഘടകം ജനറല്‍ സെക്രട്ടറിയും കോഴിക്കോട് രാമനാട്ടുകരയിലെ മനഃശാന്തി ഹോസ്പിറ്റല്‍ കണ്‍സല്‍ട്ടന്റ് സൈക്യാട്രിസ്റ്റുമാണ്)