റിയല്‍മി 8 ശ്രേണിയുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ട് കമ്പനി സിഇഒ
ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി തങ്ങളുടെ പുത്തന്‍ മിഡ്-റേഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി റിയല്‍മി 8 ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ്. ഉടന്‍ വില്പനക്കെത്തുന്ന റെഡ്മി നോട്ട് 10 ശ്രേണിയോട് മത്സരിക്കാന്‍ ഒരുങ്ങുന്ന റിയല്‍മി 8 ശ്രേണിയുടെ ലോഞ്ച് തിയതി കമ്പനി പ്രഖ്യാപിച്ചിട്ടില്ല എങ്കിലും ലോഞ്ച് ഉടനെയുണ്ടാകും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ കമ്പനിയുടെ സിഇഒ മാധവ് സേത്ത് റിയല്‍മി 8 ശ്രേണിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടു.
റിയല്‍മി 8 ഫോണിന്റെ പിന്‍ഭാഗവും റീറ്റെയ്ല്‍ ബോക്സും വെളിപ്പെടുത്തുന്ന ചിത്രമാണ് മാധവ് സേത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ ഫോട്ടോയിലെ റീറ്റെയ്ല്‍ ബോക്സില്‍ ഫോണിന്റെ സ്‌പെസിഫിക്കേഷനുകള്‍ ഏറെക്കുറെ വ്യക്തമാണ്. 6.4-ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ ആണ് റിയല്‍മി 8-ന് എന്നും മീഡിയടെക് ഹീലിയോ G95 SoC പ്രോസസ്സര്‍ ആണെന്നുള്ളതും വ്യക്തം. 64-മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറുള്ള ക്വാഡ് കാമറ ആയിരിക്കും റിയല്‍മി 8 ഫോണിന് എന്നും 30W ഡാര്‍ട്ട് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ്ങുള്ള ബാറ്ററി ആണ് പുത്തന്‍ സ്മാര്‍ട്ട്‌ഫോണിന് എന്നും റീറ്റെയ്ല്‍ ബോക്സ് വ്യക്തമാക്കുന്നു. റിയല്‍മി 8 ശ്രേണിയില്‍ അടിസ്ഥാന മോഡലിനൊപ്പം റിയല്‍മി 8 പ്രോ എന്നൊരു പ്രീമിയം മോഡലും പ്രതീക്ഷിക്കുനുണ്ട്. അതെ സമയം ഇതുവരെ പുറത്ത് വന്ന വിശദാംശങ്ങള്‍ അടിസ്ഥാന മോഡലിന്റെയാണ് എന്നാണ് വിവരം.
റിയല്‍മി 8 പ്രോ അതെ സമയം 108-മെഗാപിക്‌സില്‍ പ്രൈമറി സാംസങ് HM2 സെന്‍സര്‍ ക്വാഡ് കാമറ സഹിതം വില്പനക്കെത്തും എന്നാണ് വിവരം. സിഇഓ മാധവ് സേത്ത് തന്നെയാണ് ഇക്കാര്യം മുന്‍പ് ട്വീറ്റിലൂടെ വ്യക്തമാക്കിയത്. ഒക്ട-കോര്‍ മീഡിയടെക് ഡിമെന്‍സിറ്റി 720 SoC പ്രോസസ്സര്‍ ആയിരിക്കും റിയല്‍മി 8 പ്രോയ്ക്ക് എന്നാണ് റിപോര്‍ട്ടുകള്‍. 8 ജിബി വരെ റാമുമായി ചേര്‍ന്നാണ് ഈ പ്രോസസ്സര്‍ പ്രവര്‍ത്തിക്കുക.