ലഖ്നൗ: ഉത്തര്‍ പ്രദേശ് ഇത്തവണ പോളിംഗ് ബൂത്തിലേക്ക് നടക്കുമ്പോള്‍ 100 വയസിനു മുകളിലുള്ള 39,598 വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിക്കുക.കണക്കുകള്‍ പ്രകാരം അലിഗഡിലാണ് ഏറ്റവും കൂടുതല്‍ 'ശതാബ്ദി' വോട്ടര്‍മാര്‍ ഉള്ളത്. നൂറ് വയസിന് മുകളിലുള്ള 1727 വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 1413 വോട്ടര്‍മാരുമായി തൊട്ടുപിന്നില്‍ പ്രയാഗ്രാജ് ഉണ്ട്. മൂന്നാം സ്ഥാനം അസംഗറും 1252, നാലാം സ്ഥാനത്ത് 1213 വോട്ടര്‍മാരുമായി ബാലിയയും, 1135 വോട്ടര്‍മാരുമായി ഗാസിപൂര്‍ അഞ്ചാം സ്ഥാനത്തും, 948 വോട്ടര്‍മാരുമായി ഷാജഹാന്‍പുര്‍ ആറാം സ്ഥാനത്തുമുണ്ട്.
നൂറ് വയസിന് മുകളിലുള്ള വോട്ടര്‍മാരുടെ ശതമാനം കുറവാണെങ്കിലും അവര്‍ക്ക് രാഷ്ട്രീയ വിഷയങ്ങളില്‍ വലിയ പരിജ്ഞാനമുണ്ടാകുമെന്ന് ബിജെപി വാക്താവ് രാകേഷ് തൃപാഠി പറയുന്നു. പല കാലങ്ങളിലായി ജിവിച്ചുവന്ന അവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം പോലും പ്രവചിക്കാന്‍ കഴിയുമെന്ന് രാകേഷ് തൃപാഠി ചൂണ്ടിക്കാട്ടി. ഇവര്‍ക്ക് നിരവധി അനുയായികള്‍ ഉണ്ടാകുമെന്നും, ഇവരുടെ പാത പിന്തുടര്‍ന്ന് നിരവധി കുടുംബങ്ങളും പോളിംഗ് ബൂത്തിലേക്ക് എത്തുമെന്ന പ്രതീക്ഷ ബിജെപി വാക്താവ് പങ്കുവച്ചു.
നൂറ് വയസിന് മുകളിലുള്ള വോട്ടര്‍മാര്‍ സ്വതന്ത്ര ഇന്ത്യയും, ബ്രിട്ടീഷ് ഭരണകാലത്തെ ഇന്ത്യയും കണ്ടവരാണ്. അതുകൊണ്ട് തന്നെ അവരുടെ അഭിപ്രായത്തിന് സമൂഹം വലിയ വില കല്‍പ്പിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി വാക്താവ് വൈഭവ് മഹേശ്വരി പറഞ്ഞു. പ്രായംചെന്ന വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാന്‍ പാര്‍ട്ടി അണികളെ നിയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാറ്റത്തിന് വേണ്ടിയാകും അവരുടെ വോട്ടെന്ന പ്രതീക്ഷയും വാക്താവ് പങ്കുവച്ചു.
നൂറ് വയസിന് മുകളിലുള്ള വോട്ടര്‍മാര്‍ക്കായി പോസ്റ്റല്‍ ബാലറ്റ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഇവര്‍ തന്നെയാകും ലഖ്നൗവിലെ ലോക്കല്‍ അംബാസിഡര്‍മാരുമെന്ന് ലഖ്നൗ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ അഭിഷേക് പ്രകാശ് അറിയിച്ചു.എണ്‍പത് വയസിന് മുകളിലുള്ള വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കും. പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്ന വയോജനങ്ങള്‍ക്ക് സഹായത്തിനായി വോട്ടിംഗ് ഡ്യൂട്ടി ജീവനക്കാരനെയും നല്‍കുമെന്ന് അഭിഷേക് പ്രകാശ് പറഞ്ഞു.