നേട്ടം ആവര്‍ത്തിച്ച് സൂചികകള്‍ ;സെന്‍സെക്‌സ് 60,000 പിന്നിട്ടു
മുംബൈ: നേട്ടം ആവര്‍ത്തിച്ചു സൂചികകള്‍. പ്രീ സെക്ഷനില്‍ സെന്‍സെക്സ് 330 പോയിന്റോളം നേട്ടം കൈവരിച്ചു. ആര്‍.ബി.ഐ. ധനനയ പ്രഖ്യാപനം ഇന്നു നടക്കാനിരിക്കേ അനുകൂല നടപടികളുണ്ടാകുമെന്നാണു വിലയിരുത്തല്‍. രാജ്യാന്തര സൂചികകളുടെ തിരിച്ചുവരവ് വിപണികള്‍ക്കു കരുത്തു പകരുന്നുണ്ട്. ഇടതടയില്ലാതെ വിദേശനിക്ഷേപമെത്തുന്നതും നേട്ടത്തിനു കാരണമാണ്. വിപണികള്‍ക്കു ഉത്തേജനം പകരുന്ന തരത്തിലുള്ള ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് പ്രഖ്യാപനങ്ങള്‍ ഇത്തവണയും പ്രതീക്ഷിക്കുന്നുണ്ട്. യു.എസ്. കടം, ഊര്‍ജം പ്രതിസന്ധികളില്‍ ആശ്വാസം കണ്ടത് രാജ്യാന്തര വിപണികളിലും പ്രതിഫലിച്ചു. നിലവില്‍(9.53 എ.എം) സെന്‍സെക്സ് 330 പോയിന്റ് നേട്ടത്തില്‍ 60,012.60ലും നിഫറ്റി 103 പേയിന്റ് ഉയര്‍ന്നു 17,893.50ലുമാണ് വ്യാപാരം നടക്കുന്നത്. ധനനയ പ്രഖ്യാപനങ്ങളാകും ഇന്ന് ഓഹരി വിപണികളുടെ വിധി നിര്‍ണയിക്കുക. പ്രഖ്യാപനങ്ങള്‍ക്കു നിക്ഷേപകശ്രദ്ധ ആകര്‍ഷിക്കാനായില്ലെങ്കില്‍ വിപണികള്‍ വീഴും.
ഇന്നലെ വിപണി സമയങ്ങള്‍ക്കു ശേഷം നിക്ഷേപശ്രദ്ധ ആകര്‍ഷിച്ച ചില കമ്പനികളുടെ ഓഹരികളും ഇന്നത്തെ ചലനങ്ങളില്‍ നിര്‍ണായകമാകും. വിദേശികള്‍ക്കു സന്ദര്‍ശക വിസ അനുവദിക്കാനുള്ള കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ തീരുമാനം ഹോട്ടല്‍, വ്യോമയാനം, ടൂറിസം ഓഹരികളെ സ്വാധീനിക്കും. രണ്ടാംപാദ റിപ്പോര്‍ട്ടില്‍ 412 ശതമാനം കുതിപ്പു കാഴ്ചവച്ച റിയല്‍ എസ്റ്റേറ്റ് സ്ഥാപനമായ ഒബ്റോയ്, വാര്‍ഷികാടിസ്ഥാനത്തില്‍ 11.5 ശതമാനം നേട്ടം കൈവരിച്ച് ബാങ്ക് ഓഫ് മഹാരാഷ്ട്ര, പുതിയ വാഹനങ്ങള്‍ വിപണിയില്‍ അവതരിപ്പിച്ച ഹീറോ മോട്ടോകോര്‍പ്, ടി.വി.എസ്, സര്‍ക്കാര്‍ പദ്ധതിക്കു കീഴില്‍ ഇന്ത്യയില്‍ ലാപ്ടോപ് നിര്‍മാണം ആരംഭിക്കുന്ന ഡിക്സണ്‍ ടെക്നോളജീസ്, ചെന്നൈയിലെ ഫോര്‍ഡിന്റെ നിര്‍മാണശാല ഏറ്റെടുക്കാന്‍ തീരുമാനിച്ച ടാറ്റ മോട്ടോഴ്സ് എന്നിവരുടെ ഓഹരികള്‍ നേട്ടമുണ്ടാക്കുമെന്നാണു വിലയിരുത്തല്‍.
ബി.എസ്.ഇയിലെ തെരഞ്ഞെടുത്ത 30 ഓഹരികളില്‍ 21 ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടി.സി.എസ്, ഡോ. റെഡ്ഡീസ് ലാബ്, എല്‍ ആന്‍ഡ് ടി, റിലയന്‍സ്, സണ്‍ഫാര്‍മ, ബജാജ് ഓട്ടോ, സണ്‍ഫാര്‍മ, മഹീന്ദ്ര, അള്‍ട്രാടെക് സിമെന്റ്, കോട്ടക് ബാങ്ക്, മാരുതി, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐ.ടി.സി, ബജാജ് ഫിന്‍സെര്‍വ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, പവര്‍ഗ്രിഡ് ഓഹരികള്‍ നേട്ടമുണ്ടാക്കി. എസ്.ബി.ഐ.എന്‍, ഐ.സി.ഐ.സി.ഐ. ബാങ്ക്, എന്‍.ടി.പി.സി, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്.ഡി.എഫ്.സി, നെസ്ലെ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഓഹരികള്‍ നഷ്ടത്തിലാണ്.
വ്യാപാരാവസാനത്തോടെ വില്‍പ്പനസമ്മര്‍ദം കടുക്കാനുള്ള സാധ്യതകളുമുണ്ട്. ലാഭമെടുപ്പ് നടന്നാല്‍ സൂചികകള്‍ ഇടിയും. അതേസമയം വിപണികളെ സംബന്ധിച്ചു മികച്ച മാസമായിരുന്നു സെപ്റ്റംബര്‍. ആദ്യമായി സെന്‍സെക്‌സ് 60000 പോയിന്റ് പിന്നിട്ട മാസമാണ് കഴിഞ്ഞുപോയത്. ആദ്യ പാദത്തിനു സമാനമയി കോവിഡില്‍ തളര്‍ന്ന വിപണികളെ ഉത്തേജിപ്പിക്കുന്നതിനായി രണ്ടാംപാദത്തിലും കേന്ദ്രം വായ്പയെടുക്കുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയതാണ് തളര്‍ച്ചയ്ക്കു തുടക്കമിട്ടത്. ആദ്യപാദത്തില്‍ 7.2 ലക്ഷം കോടി കടമെടുത്തെങ്കില്‍ രണ്ടാംപാദത്തില്‍ 5.03 ലക്ഷം കോടിയാകും വായ്പയെടുക്കുക.
സ്ഥിരത കൈവരിക്കുന്നതോടെ സൂചികകള്‍ കുതിപ്പു തുടരുമെന്ന വാദം ശക്തമാണ്. 2022 പകുതിയോടെ നിലവിലെ ഉത്തേജക പാക്കേജുകളെല്ലാം പിന്‍വലിക്കാനാകുമെന്നു ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ വ്യക്തമാക്കിയതു നിക്ഷേപകര്‍ക്കു കരുത്തുപകരുന്നുണ്ട്. ചൈനീസ് റിയല്‍ എസ്റ്റേറ്റ് വമ്പനായ എവര്‍ഗ്രാന്‍ഡെയ്ക്കു കരുത്തേകാന്‍ ചൈനീസ് സര്‍ക്കാര്‍ ബാങ്കിങ് മേഖലയില്‍ കൂടുതല്‍ പണമിറക്കിയതും നേട്ടമാണ്. അടുത്ത വര്‍ഷം പകുതിയോടെ സെന്‍സെകസ് ഒരു ലക്ഷം പോയിന്റ് പിന്നിടുമെന്ന വിലയിരുത്തലുകള്‍ വിപണികള്‍ക്കു വളമാണ്. 60000ത്തിലേക്കുള്ള നീക്കത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 പോയിന്റ് മറികടന്നെന്ന പ്രത്യേകതയുമുണ്ട്. ഈ വര്‍ഷം ജനുവരി 21നായിരുന്നു സൂചിക 50,000 പോയിന്റ് പിന്നിട്ടത്. 60,000 എത്താന്‍ എടുത്തത് 166 ദിവസം മാത്രമാണ്.
തൊഴില്‍ റിപ്പോര്‍ട്ടുകള്‍ മികച്ചതാക്കുന്നതിനും പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനുമായി യു.എസ്. ഫെഡ് റിസര്‍വ് നിരക്കുകള്‍ തുടരാന്‍ തീരുമാനിച്ചതും നേട്ടമാണ്. കോവിഡ് സൃഷ്ടിച്ച തളര്‍ച്ചകളില്‍നിന്ന് ഇന്ത്യ അതിവേഗം തിരിച്ചുവരികയാണെന്നും രണ്ടാം തരംഗത്തിനിടയിലും വിപണികള്‍ വി ആകൃതിയിലുള്ള തിരിച്ചുവരവാണ് കാഴ്ചവയ്ക്കുന്നതെന്ന ധനമന്ത്രാലയത്തിന്റെ പ്രതികരണമാണ് ഒരിടവേളയ്ക്കു ശേഷം വിപണികളില്‍ നേട്ടം കൊണ്ടുവന്നത്. കോര്‍പ്പറേറ്റ് കമ്പനികളുടെ കുതിപ്പും തന്ത്ര പ്രധാന മേഖലകളുടെ വളര്‍ച്ചയും ഇന്ത്യയ്ക്ക് അനുകൂലമാണ്. ആദ്യപാദത്തിനു സമാനമായി വരും പാദങ്ങളിലും മികച്ച വളര്‍ച്ച രാജ്യം കാഴ്ചവയ്ക്കുമെന്നാണു സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.