തിരുവനന്തപുരം: ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് പിവി അന്‍വര്‍ എംഎല്‍എ. 'മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും' എന്ന പരാമര്‍ശം ബോധപൂര്‍വം ആയിരുന്നില്ലെന്നും ഇതില്‍ മാപ്പ് ചോദിക്കുന്നുവെന്നും അന്‍വര്‍ പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് അന്‍വറിന്റെ മാപ്പു പറച്ചില്‍.
'മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പന്‍ എന്ന അര്‍ത്ഥത്തിലല്ല, എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ സ്റ്റേറ്റ്‌മെന്റിനെതിരെ എത് വലിയ ഉന്നതാരായാലും മറുപടി പറയുമെന്ന നിലയിലാണ് അങ്ങനെ പറഞ്ഞത്. വാക്കുകള്‍ അങ്ങനെയായിപ്പോയതില്‍ അങ്ങേയറ്റം ഖേദമുണ്ട്. മുഖ്യമന്ത്രിയോടും കുടുംബത്തോടും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാവരോടും ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണ്'. തന്റെ വാക്കുകള്‍ ആരും ദയവായി ആ അര്‍ത്ഥത്തില്‍ എടുക്കരുതെന്നും അന്‍വര്‍ പറഞ്ഞു.
നിയമസഭയിലേക്ക് വരുമ്പോഴാണ് പിവി അന്‍വര്‍ ഖേദം പ്രകടിപ്പിച്ചത്. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ അന്‍വറിന്റെ പരാമര്‍ശത്തിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. രാഷ്ട്രീയമായി വിമര്‍ശനം ഉന്നയിക്കുമ്പോഴും ഇത്തരത്തിലുള്ള വാക്കുകള്‍ ഉപയോ?ഗിക്കുന്നത് അതിരുവിട്ടതാണെന്നാണ് വിമര്‍ശനം. വിമര്‍ശനം ശക്തമായതോടെ അന്‍വര്‍ നിലപാട് മാറ്റുകയായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി അന്‍വര്‍ അറിയിച്ചു.