ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു
മുംബൈ: ദിനവ്യാപാരത്തിലെ ഉയര്‍ന്ന നിലവാരം നിലനിര്‍ത്താനായില്ലെങ്കിലും റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍ ക്ലോസ് ചെയ്തു. ഓട്ടോ, ബാങ്ക്, മെറ്റല്‍, പവര്‍, റിയാല്‍റ്റി ഓഹരികളുടെ കുതിപ്പാണ് സൂചികകള്‍ നേട്ടമാക്കിയത്. വ്യാപാരത്തിനിടെ നിഫ്റ്റി 18,000 മറികടക്കുകയും ചെയ്തു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക് തുടങ്ങിയ ഓഹരികളില്‍നിന്ന് അവസാന മണിക്കൂറില്‍ വന്‍തോതില്‍ ലാഭമെടുപ്പ് നടന്നതോടെ സൂചികകള്‍ പിന്‍വാങ്ങി. എന്നിരുന്നാലും സെന്‍സെക്സ് 76.72 പോയന്റ് നേട്ടത്തില്‍ 60,135.78ലും നിഫ്റ്റി 50.80 പോയന്റ് ഉയര്‍ന്ന് 17,946ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഒരുവേള സെന്‍സെക്സ് 60,476ലും നിഫ്റ്റി 18,042ലുമെത്തിയിരുന്നു.
ടാറ്റ മോട്ടോഴ്സ്, കോള്‍ ഇന്ത്യ, മാരുതി സുസുകി, ഗ്രാസിം, പവര്‍ഗ്രിഡ് കോര്‍പ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
ഐടി സൂചിക മൂന്നുശതമാനം താഴ്ന്നു. ഓട്ടോ, ബാങ്ക്, മെറ്റല്‍, പവര്‍, റിയാല്‍റ്റി സൂചികകള്‍ 1-2.5ശതമാനം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനം ഉയര്‍ന്നാണ് ക്ലോസ്ചെയ്തത്.