ചെറുകിട സ്ഥാപനങ്ങളുടെ ലൈസന്‍സ് ഫീസ് 1000 ദിര്‍ഹമാക്കി അബുദാബി ഗവണ്‍മെന്റ്.
അബുദാബി എമിറേറ്റ്‌സിലെ ബിസിനസ്സ് സെറ്റപ്പ് ഫീസ് 1000 ദിര്‍ഹമാക്കി കുറച്ചതായി അധികൃതര്‍ അറിയിച്ചു. ലൈസന്‍സ് പുതുക്കല്‍ ഫീസും 1,000 ദിര്‍ഹമായി കുറച്ചു. നിലവിലുണ്ടായിരുന്ന ഫീസില്‍ 90 ശതമാനത്തിലധികം കുറവാണിത്.
സ്വകാര്യമേഖലയ്ക്ക് പ്രത്യേകിച്ച് മൈക്രോ, ചെറുകിട ഇടത്തരം സംരഭങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാനുള്ള ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കാനുള്ള അബുദാബി സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണിത്. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ചെറുകിട ബിസിനസ്സുകാര്‍ക്ക് ആശ്വാസമാകും.
അബുദാബി സാമ്പത്തിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പുതിയ തീരുമാനം.
പുതിയ നീക്കം എമിറേറ്റുകളില്‍ ബിസിനസ്സ് ചെയ്യുന്നതിനുള്ള എളുപ്പത്തെ ഗണ്യമായി വര്‍ദ്ധിപ്പിക്കുകയും പ്രാദേശികമായും അന്തര്‍ദേശീയമായും അബുദാബിയുടെ മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഒരു നിശ്ചിത ഫീസ് ഏര്‍പ്പെടുത്തുന്നത് സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.