കനത്ത മഴ തുടരുന്നു; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ (ഓഗസ്റ്റ് -02 ചൊവ്വാഴ്ച) അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, കേരളത്തില്‍ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നല്‍കി. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും കരുതണം എന്നും നിര്‍ദ്ദേശമുണ്ട്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. 

കോട്ടയത്ത് പ്രൊഫഷണല്‍ കോളേജുകള്‍, അംഗണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റം ഉണ്ടാകില്ലെന്ന് കളക്ടര്‍ അറിയിച്ചു. ആലപ്പുഴയിലും  പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ആയിരിക്കും. കളക്ടര്‍ ഡോ. രേണുരാജാണ് ഇക്കാര്യം അറിയിച്ചത്.

പത്തനംതിട്ടയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. തിരുവനന്തപുരം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓറഞ്ച് അലര്‍ട്ട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച സര്‍വ്വകലാശാല, ബോര്‍ഡ് പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും ആഗസ്റ്റ് നാലിലേയ്ക്ക് മാറ്റിയതായി സര്‍വ്വകലാശാല അറിയിച്ചു.

അതേസമയം, കേരളത്തില്‍ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയര്‍ സയന്‍സ്റ്റിസ് ഡോ. ആര്‍ കെ ജെനമണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വരും ദിവസങ്ങളില്‍ ചിലയിടങ്ങളില്‍ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. കൂടുതല്‍ മഴ മേഘങ്ങള്‍ അറബിക്കടലില്‍ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കന്‍ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത  മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തില്‍ തെക്കന്‍ കേരളത്തില്‍ ശക്തമാകുന്ന കാലവര്‍ഷം തുടര്‍ന്ന് വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും.

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ കൂടുതല്‍ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളില്‍ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാല്‍  മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത വര്‍ധിക്കും. ഈ ദിവസങ്ങളില്‍ യാത്രകള്‍ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകള്‍ പരമാവധി ഒഴിവാക്കണം.


സംസ്ഥാനത്ത് അഞ്ച് ഡാമുകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കല്ലാര്‍കുട്ടി, പൊന്മുടി, കുണ്ടള, ലോവര്‍ പെരിയാര്‍, ഇരട്ടയാര്‍ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറില്‍ നിന്ന് വെളളം കൊണ്ടുപോകുന്നത് തമിഴ്‌നാട് നിര്‍ത്തി. നെയ്യാര്‍ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. പേപ്പാറ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ 140 സെന്റീ മീറ്റര്‍ ഉയര്‍ത്തി. പെരിങ്ങള്‍ക്കുത്ത് ഡാമിന്റെ ഇപ്പോള്‍ തുറന്നിരിക്കുന്ന സ്പില്‍വേ ഷട്ടറുകള്‍ക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും, പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. പമ്പാതീരത്ത് ജാഗ്രതാനിര്‍ദേശം നല്‍കി.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media