മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തട്ടിപ്പില്‍ ഇന്നും പരിശോധന തുടരും, കര്‍ശന നടപടിക്ക് നിര്‍ദേശം
 


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ ക്രമക്കേടില്‍ പരിശോധന വ്യാപകമാക്കാന്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദശം. ഇന്നലെ കളക്ടറേറ്റുകളില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വ്യാപക ക്രമക്കേടാണ് കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ദുരിതാശ്വാസ സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഓരോ രേഖകളും പരിശോധിക്കാനാണ് നിര്‍ദ്ദേശം. ഓരോ വ്യക്തിയും നല്‍കിയിട്ടുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് എന്നിവ ഉള്‍പ്പെടെ വിശദമായി പരിശോധിക്കേണ്ടിവരും. പണം കൈപ്പറ്റിയവര്‍ അര്‍ഹരായവരാണോയെന്ന് വിശദമായി പരിശോധിച്ചാല്‍ മാത്രമേ ഉദ്യോഗസ്ഥരുടെ ക്രമക്കേട് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രാഹാം പറഞ്ഞു. ഓരോ ജില്ലായിലും എസ്.പിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമായി കളക്ടേറേറ്റിലെ രേഖകള്‍ പരിശോധിക്കും. ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും ഒത്താശയോടെ പണം തട്ടിയെടുക്കുന്നുവെന്നാണ് കണ്ടെത്തിയത്.

ഏറ്റവും പാവപ്പെട്ടവര്‍ക്കുള്ള സഹായമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കുന്നത്. കുറ്റമറ്റ രീതിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് സഹായമനുവദിക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. പക്ഷെ, ഓപ്പറേഷന്‍ സിഎംഡിആഎഫില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന തട്ടിപ്പാണ്. 
എറണാകുളം ജില്ലയില്‍ സമ്പന്നരായ രണ്ട് വിദേശ മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ടില്‍ നിന്ന് സഹായം കിട്ടി.  എറണാകുളത്ത് പണമനുവദിച്ച പ്രവാസികളിലൊരാള്‍ക്ക് രണ്ട് ആഡംബര കാറുകളും വലിയ കെട്ടിടവുമുണ്ട്. ഇയാളുടെ ഭാര്യ അമേരിക്കയില്‍ നഴ്‌സാണ്. രണ്ട് ലക്ഷം വരുമാന പരിധിയിലുള്ളവര്‍ക്കാണ് സഹായം അനുവദിക്കുക എന്നിരിക്കെയാണ് കുത്തഴിഞ്ഞ ഈ തട്ടിപ്പ്. തിരുവനന്തപുരത്ത് അഞ്ചുതെങ്ങ് സ്വദേശിയായ ഏജന്റ് നല്‍കിയ 16 അപേക്ഷകളിലും സഹായം നല്‍കി. കരള്‍ രോഗിയായ ഒരാള്‍ക്ക് ചികിത്സാ സഹായം നല്‍കിയത് ഹൃദ്രോഗിയാണെന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ്. പുനലൂര്‍ താലൂക്കിലെ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളാണ്.

 കരുനാഗപ്പള്ളിയില്‍ ഒരു കുടുംബത്തിലെ നാലു പേരുടെ പേരില്‍ രണ്ട് ഘട്ടമായി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി പണം വാങ്ങി.   കോട്ടയം മുണ്ടക്കയം സ്വദേശിക്ക് കരള്‍ രോഗത്തിനാണ് പണം അനുവദിച്ചത്.  പക്ഷെ ഹാജരാക്കിയത് എല്ലുരോഗ വിദഗ്ദന്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ്.  കോട്ടയത്തും ഇടുക്കിയലും ഇയാള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പണംതട്ടി.  സംസ്ഥാനത്തുനീളം ഡോക്ടര്‍മാരും ഇടനിലക്കാരും ഏജന്റുമാരും അടങ്ങുന്ന വന്‍ തട്ടിപ്പ് ശൃംഖല തന്നെ പണം കൈക്കലാക്കാന്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. വ്യാജ സര്‍ട്ടിഫിക്കറ്റ് വെച്ച് ഉദ്യോഗസ്ഥ ഒത്താശയോടെ  അസുഖമില്ലാത്തവരുടെ പേരിലും പണം തട്ടുന്നതാണ് ഒരു രീതി.  അര്‍ഹതപ്പെട്ടവരുടെ കാര്യത്തിലാകട്ടെ, ഇടനിലക്കാരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും നല്‍കിയാണ് പണം തട്ടുന്നത്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media