തിരുവനന്തപുരം: മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തുടക്കത്തില്‍ വടക്ക് പടിഞ്ഞാറു ദിശയിലും തുടര്‍ന്ന് വടക്ക്, വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിച്ച് നാളെ രാവിലെയോടെ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. തുടര്‍ന്ന് വടക്ക്, വടക്ക് കിഴക്ക് ദിശ മാറി നവംബര്‍ 17 ഓടെ ഒഡിഷ തീരത്തിനു സമീപവും, നവംബര്‍ 18 ഓടെ വടക്കന്‍ ഒഡിഷ - പശ്ചിമ ബംഗാള്‍ സമീപത്തു കൂടിയും സഞ്ചരിക്കാന്‍ സാധ്യതയുണ്ട്.
വടക്കന്‍ ശ്രീലങ്കയ്ക്ക് മുകളില്‍ മറ്റൊരു ചക്രവാതചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഇന്ന് മുതല്‍ 19 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക്കണമെന്നും ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നു. ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ അതീവ ശ്രദ്ധ വേണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ ഇടിമിന്നലില്‍ നിന്നും രക്ഷപ്പെടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.