തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസിന്റ അന്വേഷണ സ്ഥാനത്തു നിന്നും മാറ്റണമെന്നാവശ്യപ്പെട്ടു താനൂര്‍ ഡിവൈഎസ്പി വി.വി.ബെന്നി ഡിജിപിക്ക് കത്ത് നല്‍കി. കേസിലെ പ്രതികള്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് കത്തില്‍ ബെന്നി പറയുന്നു. മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ അറസ്റ്റ് ചെയ്യതത് ബെന്നിയായിരുന്നു.
റവന്യൂ ഭൂമിയില്‍ നിന്നും കോടികളുടെ വിലമതിക്കുന്ന വൃക്ഷങ്ങള്‍ മുറിച്ചു കടത്തിയ കേസില്‍ കുറ്റപത്രം തയ്യാറാക്കുന്നതിനിടെയാണ് മാറ്റം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കത്ത് നല്‍കുന്നത്. പല സ്ഥലങ്ങളില്‍ നിന്നും പിടിച്ചെടുത്ത വൃക്ഷങ്ങള്‍ വയനാട് മുട്ടിലില്‍ നിന്നും മുറിച്ച് കടത്തിയതാണെന്ന് ഡിഎന്‍എ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
മരംമുറിക്കുന്നതിനായി പ്രതികള്‍ വ്യാജ രേഖയുണ്ടാക്കതിന്റെ തെളിവും കിട്ടിക്കഴിഞ്ഞു. സമ്മര്‍ദ്ദങ്ങള്‍ മറികടന്നാണ് പ്രതികളായ അഗസ്റ്റിന്‍ സഹോദരങ്ങളെ അന്വേഷണ സംഘം തലവനായിരുന്ന വി. വി. ബെന്നി അറസ്റ്റ് ചെയ്തത്. കുറ്റപത്രം തയ്യാറാക്കുന്നതിടെയാണ് താനൂരില്‍ ഒരു മയക്കു മരുന്ന് കേസില്‍ പിടികൂടിയ പ്രതി പൊലീസ് കസ്റ്റഡിയില്‍ മരിക്കുന്നത്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തന്നെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. മുട്ടില്‍ കേസിലെ പ്രതികളാണ് തന്നെ ലക്ഷ്യം വച്ചുള്ള ഗൂഢാലോചനക്ക് പിന്നിലെന്നും അതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥ സ്ഥാനത്തുനിന്നും മാറ്റണമെന്നുമാണ് ഡിജിപിക്ക് നല്‍കിയ കത്തില്‍ പറയുന്നത്. കത്തില്‍ ഡിജിപി ഇതേവരെ തീരുമാനം എടുത്തിട്ടില്ല. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ അടക്കം പ്രത്യേക സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു ബെന്നി.