മോന്‍സന്‍ വിഷയത്തില്‍ ശ്രീനിവാസന് വീണ്ടും കുരുക്ക്;
പുരാവസ്തു തട്ടിപ്പുകേസില്‍ അറസ്റ്റിലായ ചേര്‍ത്തല സ്വദേശി മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധമുള്ള നിരവധി പ്രമുഖരുടെ പേര് വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.. അതില്‍ സിനിമാക്കാരും രാഷ്ട്രീയക്കാരും പോലീസുകാരും മറ്റും ഉള്‍പ്പെടെ നിരവധി പേരുമുണ്ടായിരുന്നു. കൂട്ടത്തില്‍ മോന്‍സനോടൊപ്പം നില്‍ക്കുന്ന നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ ചിത്രങ്ങളുമുണ്ടായിരുന്നു.
മോന്‍സന്‍ തട്ടിപ്പുകാരനെന്ന് അറിഞ്ഞില്ലെന്നും മോന്‍സനെതിരെ ഇപ്പോള്‍ പരാതി നല്‍കിയവരില്‍ രണ്ടുപേര്‍ ഫ്രോഡുകളാണെന്നും അദ്ദേഹം പ്രതികരിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തങ്ങളെ ഫ്രോഡുകളെന്ന് വിളിച്ചതിനെതിരെ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പരാതിക്കാരന്‍.
മുമ്പ് മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയ അനൂപ് വി. അഹമ്മദ് ആണ് ശ്രീനിവാസന്‍ തന്നെ അപമാനിച്ചുവെന്ന് കാണിച്ച് രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ തന്നെ 'ഫ്രോഡ്' എന്ന് വിളിച്ച് അപമാനിച്ചുവെന്ന് കാണിച്ചാണ് ശ്രീനിവാസന് അനൂപ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ഒന്നരക്കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
മോന്‍സനെതിരെ പരാതി നല്‍കിയവരെ ഫോണിലൂടെയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പലരും ഭീഷണി മുഴക്കുന്നുവെന്നും പരാതിക്കാര്‍ ആരോപിച്ചിട്ടുണ്ട്.പരാതിക്കാരായ അനൂപ് വി. അഹമ്മദ്, യാക്കൂബ് പൂറായില്‍, എം.ടി. ഷമീര്‍, ഷാനിമോന്‍ പരപ്പന്‍ എന്നിവരാണ് തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും കുടുംബത്തിനും സ്വത്തിനും പോലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പോലീസ് മേധാവിക്ക് പരാതി നല്‍കിയിരിക്കുന്നത്.