ദില്ലിതെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി.തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനം, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, ചീഫ് ജസ്റ്റിസ് എന്നിവരുള്‍പ്പെട്ട സമിതിയുടെ ശുപാര്‍ശ വഴിയാകണമെന്നാണ് വിധി.തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.കമ്മീഷണര്‍മാരുടെ നിയമനത്തിന് പുതിയ നിയമം വരും വരെ ഈ സ്ഥിതി തുടരണമെന്നും കോടതി വ്യക്തമാക്കി
കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നവരുടെ പേരുകള്‍ അംഗീകരിച്ച് തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗങ്ങളെ രാഷ്ട്രപതി നിയമിക്കുന്നതാണ് നിലവിലെ രീതി. ഈ രീതി മാറ്റിയാണ് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട കൊളീജിയം രൂപീകരിക്കാന്‍ കോടതി നിര്‍ദേശിച്ചത്. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് ഇല്ലാത്ത സാഹചര്യം വന്നാല്‍, ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവാകും കൊളീജിയത്തിലെ പ്രതിനിധി. ഈ സമിതി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നവരെയാകും ഇനി രാഷ്ട്രപതി നിയമിക്കുക. തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗങ്ങളുടെ നിയമനത്തിനായി സ്വതന്ത്ര സംവിധാനം വേണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളിലാണ് ഭരണഘടനാ ബെഞ്ചിന്റെ സുപ്രധാന വിധി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നീക്കം ചെയ്യുന്നതിന് ഇംപീച്ച്‌മെന്റ് നടപടിയാണ് നിലവിലുള്ളത്. ഇത് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ മാറ്റുന്നതിനും കോടതി ബാധകമാക്കി. പുതിയ നിയമത്തില്‍ തെരഞ്ഞെടുപ് കമ്മീഷന് പ്രത്യേക ബജറ്റ്, സെക്രട്ടിയേറ്റ്, ചട്ടങ്ങള്‍ എന്നിവ നിര്‍ദേശിക്കാന്‍ അധികാരം ഉള്‍പ്പെടെയുണ്ടാകണം. നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ അധികാരത്തില്‍ വന്നെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് കൃത്യമായ നിയമം രൂപപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകുന്നവര്‍ അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളൂവെന്നും കോടതി നിരീക്ഷിച്ചു.