ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങി നോക്കിയ
ആഗോള തലത്തില്‍ നടക്കുന്ന റിസ്‌ട്രെക്ചറിംഗ് നടപടികളുടെ ഭാഗമായി ഇന്ത്യയില്‍ നിന്ന് 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോക്കിയ. കൂടുതൽ തുക റിസര്‍ച്ചിനും ഡെവലപ്പ്‌മെന്റിനും ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടാണ് കമ്പനിയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കിയയ്ക്ക് നിലവില്‍ ഏഷ്യാപസഫിക്ക് റീജിയണില്‍ 20511 ജീവനക്കാരാണുള്ളത്. ഇതില്‍ 15000 അധികം പേരും ജോലി ചെയ്യുന്നത് ഇന്ത്യയിലാണ്. ബംഗളൂരു, ചെന്നൈ, നോയിഡ, ഗുഡ്ഗാവ്, മുംബൈ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ പ്രവര്‍ത്തനം. കൂടാതെ രാജ്യത്തെ 26 നഗരങ്ങളില്‍ കമ്പനിക്ക് പ്രോജക്ട് ഓഫീസുകളുമുണ്ട്. നോയിഡയില്‍ പ്രവര്‍ത്തിക്കുന്നത് ഗ്ലോബല്‍ സര്‍വീസ് ഡെലിവറി സെന്ററുകളാണ്. ഇവിടെ മാത്രം 4200 ഓളം ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട്. പുതിയ തീരുമാനം ഇന്ത്യ അടക്കം ആഗോളതലത്തില്‍ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും.