അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത;
എല്ലായിടത്തും മുന്‍കരുതലെന്ന് റവന്യു മന്ത്രി
തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കാം.
മഴ മുന്നറിയിപ്പ് മാറി വരുന്ന സാഹചര്യത്തില്‍ എല്ലായിടത്തും മുന്‍കരുതലെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. ആളുകളെ രക്ഷിക്കുക എന്നതിനാണ് രക്ഷാദൗത്യത്തില്‍ ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. ദുരന്ത ഭൂമിയിലേക്ക് ഒരു കാരണവശാലും ആരും അനാവശ്യമായി യാത്ര ചെയ്യരുത്. എല്ലാവരും സഹകരിക്കണം. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ അപ്പോള്‍ തന്നെ ജനങ്ങളെ അറിയിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ വൈകിയിട്ടില്ല. രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ല. എല്ലാം പറയേണ്ട സമയത്ത് പറയുമെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിങ്ങനെ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് . മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര മേഖലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. രാത്രിയോടെ മഴ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യത കൂടുതലായതിനാല്‍ അതീവ ജാഗ്രത വേണം ചൊവ്വാഴ്ച തുലാവര്‍ഷം എത്തുന്നതിന് മുന്നോടിയായി കിഴക്കന്‍ കാറ്റ് സജീവമായതും തെക്കന്‍ തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പട്ടതുമാണ് മഴയ്ക്ക് കാരണം. തിങ്കളാഴ്ച വരെ മഴ തുടര്‍ന്നേക്കാമെന്നാണ് മുന്നറിയിപ്പ്.