വയനാട്ടില്‍ വീണ്ടും കടുവ പശുവിനെ കൊന്നു; കടുവയ്ക്കായി തെരച്ചില്‍ ഊര്‍ജിതം


കല്‍പ്പറ്റ: വയനാട് കുറുക്കന്‍മൂല മേഖലയില്‍ വീണ്ടും കടുവയിറങ്ങി. പയ്യംമ്പള്ളി പുതിയടം വടക്കുംപാടത്ത് ജോണിന്റെ പശുവിനെ കൊന്നു. ഒരാടിനെ കാണാനില്ലെന്നും നാട്ടുകാര്‍ പരാതി പറയുന്നു. കുറുക്കന്‍മൂലയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ മാത്രം അകലെയാണിത്. ഇതോടെ കടുവ ആക്രമിച്ച് കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 16 ആയി.

തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ 20 മീറ്ററോളം വലിച്ചിഴച്ച് കൊണ്ടുപോയാണ് കടുവ കൊന്നത്. രാത്രി 12 മണിയോടെ പശുവിന്റെ കരച്ചില്‍ കേട്ടെന്നും രാവിലെ നടത്തിയ തെരച്ചിലിലാണ് പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയതെന്നും ഉടമസ്ഥന്‍ പറഞ്ഞു. കുറുക്കന്‍മൂലയില്‍ കടുവയ്ക്കായി തെരച്ചില്‍ ശക്തമാക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. കടുവയെ പിടിക്കാനായി നൂതന സംവിധാനങ്ങള്‍ ഉപയോഗിക്കും. പുതിയ നിര്‍ദേശങ്ങളും പരീക്ഷിക്കും. നാട്ടിലിറങ്ങിയ കടുവയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ടെന്നും മന്ത്രി സ്ഥിരീകരിച്ചു. കടുവയെ കണ്ടാല്‍ ഉടന്‍ മയക്കുവെടി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതായി വനംമന്ത്രി ട്വന്റിഫോറിനോട് പറഞ്ഞു.

അതേസമയം കുറുക്കന്‍മൂലയില്‍ ഇറങ്ങിയ കടുവ ജില്ലയിലെ ഡേറ്റാ ബേസില്‍ ഉള്‍പ്പെട്ടതല്ലെന്ന നിഗമനത്തിലാണ് സിസിഎഫ്. ഉത്തരമേഖലാ സിസിഎഫ് ഡി.കെ വിനോദ് കുമാര്‍ ഇന്നലെ കുറുക്കന്‍മൂലയില്‍ എത്തിയിരുന്നു. കടുവയുടെ ചിത്രങ്ങള്‍ ദേശീയ കടുവാ സംരക്ഷണ അതോറിറ്റിക്ക് അയച്ചു. കടുവ കര്‍ണാടകയിലെ പട്ടികയില്‍ ഉള്‍പ്പെട്ടതാണോ എന്ന് ഇന്നറിയാം.

കടുവയെ പിടികൂടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സിസിഎഫ് ഡി. കെ വിനോദ്കുമാര്‍ പറഞ്ഞു. അതിനിടെ കുറുക്കന്‍മൂല മേഖലയില്‍ കടുവയുടെ പുതിയ കാല്‍പാടുകള്‍ കണ്ടെത്തിയിരുന്നു. വനം വകുപ്പ് സ്ഥാപിച്ച കൂടിന് സമീപത്താണ് കാല്‍പാടുകള്‍ കണ്ടെത്തിയത്. കടുവയെ പിടികൂടാന്‍ വ്യാപക തെരച്ചില്‍ തുടരുകയാണ്. കുറുക്കന്‍മൂലയിലെ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെ കടുവ തമ്പടിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. വനം വകുപ്പിന്റെയും പൊലീസിന്റെയും വന്‍ സന്നാഹവും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media