10 കോടിയുടെ റോള്‍സ് റോയിസ് ഫാന്റം സ്വന്തമാക്കി അദാര്‍ പൂനാവാല
ഇന്ത്യയിലെ വിരലിലെണ്ണാവുന്ന കോടീശ്വരന്‍മാര്‍ക്ക് മാത്രം സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുള്ള വാഹനമാണ് ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയിസിന്റെ ഫാന്റം. ഇതില്‍ തന്നെ ഫാന്റം 8 എന്ന ആഡംബരം സ്വന്തമാക്കിയിട്ടുള്ളത് വളരെ ചുരുക്കം ആളുകളാണ്. ഏകദേശം 10 കോടി രൂപ വില വരുന്ന ഈ അത്യാഡംബര മോഡല്‍ സ്വന്തമാക്കിയിരിക്കുകയാണ്
കോവിഡ് വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സി.ഇ.ഒ. അദാര്‍ പൂനാവാല.
ആഡംബര വാഹനങ്ങളുടെ നീണ്ടനിര തന്നെ സ്വന്തമായുള്ള അദാര്‍ പൂനാവാലയുടെ ഗ്യാരേജിലെത്തുന്ന രണ്ടാമത്തെ ഫാന്റം-8 മോഡലാണ് ഇത്. ഫാന്റം-8 ഷോട്ട് വീല്‍ ബേസ് മോഡലാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. 2019-ലാണ് അദ്ദേഹം തന്റെ ആദ്യ ഫാന്റം ഗ്യാരേജിലെത്തിച്ചത്. കോവിഡ് പ്രതിരോധത്തിനായി കോവിഷീല്‍ഡ് വാക്സില്‍ വികസിപ്പിച്ച സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ.സൈറസ് പൂനവാലയുടെ മകനാണ് അദാര്‍ പൂനാവാല.
ഇന്ത്യയില്‍ എത്തിയിട്ടുള്ള ഏറ്റവും വില കൂടിയ റോള്‍സ് റോയിസ് വാഹനമാണ് ഫാന്റം 8 എന്നാണ് റിപ്പോര്‍ട്ട്. പുതിയ അലൂമിനിയം സ്‌പേസ്‌ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ് മോഡല്‍ എട്ട് നിര്‍മിച്ചിരിക്കുന്നത്. ശബ്ദരഹിത എന്‍ജിനാണ് പ്രധാന ആകര്‍ഷണം. ആര്‍കിടെക്ചര്‍ ഓഫ് ലക്ഷ്വറി എന്ന വിശേഷണത്തോടെയാണ് പുതിയ ഫാന്റം രൂപകല്പന
ചെയ്തരിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെട്ടുന്നത്. പുറംമോടിയിലെ സൗന്ദര്യവും അകത്തളത്തിലെ ആഡംബരവുമാണ് ഇതിന്റെ ഹൈലൈറ്റ്.
റോള്‍സ് റോയ്‌സിന്റെ മുഖമുദ്രയായ നീളമേറിയ മാസീവ് ബോണറ്റ് എട്ടാം തലമുറ ഫാന്റത്തിനും കൂടുതല്‍ പകിട്ടേകും. പുതുക്കിയ പാന്തിയോണ്‍ ഗ്രില്ലാണ് ഈ വാഹനത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. സാധാരണത്തേക്കാളും ഉയര്‍ന്ന ഗ്രില്ലിനു മുകളില്‍ 'സ്പിരിറ്റ് ഓഫ് എക്സ്റ്റസി' തലയുയര്‍ത്തി നില്‍ക്കുന്നു. ഫോര്‍ കോര്‍ണര്‍ സസ്‌പെന്‍ഷന്‍ സിസ്റ്റം, അത്യാധുനിക ഷാസി കണ്‍ട്രോള്‍ സിസ്റ്റം, തുടങ്ങി നിരവധി പ്രത്യേകതകള്‍ കാറിനുണ്ട്.
6.75 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി 12 എന്‍ജിനാണ് കരുത്ത് പകരുക. 5000 ആര്‍പിഎമ്മില്‍ 563 ബിഎച്ച്പി പവറും 1700 ആര്‍പിഎമ്മില്‍ 900 എന്‍എം
ടോര്‍ക്കുമേകും എന്‍ജിന്‍. ZF 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനെയാണ് എന്‍ജിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലേക്ക് എത്തുക. 5.3 സെക്കന്‍ഡുകള്‍കൊണ്ടുതന്നെ നിശ്ചലാവസ്ഥയില്‍നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാനാകും. മണിക്കൂറില്‍ 250 കിലോമീറ്ററായി പരമാവധി വേഗം നിജപ്പെടുത്തിയിട്ടുണെങ്കിലും അതിവേഗ ട്രാക്കുകളില്‍ വേഗം ഇതിലും കൂടും.