പാലക്കാട് താമര വിരയിക്കാന്‍  ശോഭ സുരേന്ദ്രന്‍ മത്സരിച്ചേക്കും; കണക്കുകളും കാറ്റും അനുകൂലമെന്ന് ബിജെപി വിലയിരുത്തല്‍
 



കൊച്ചി: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പാര്‍ട്ടി മത്സരിപ്പിക്കാന്‍ സാധ്യത. പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച സാഹചര്യത്തിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വരുന്നത്. ബിജെപി നിലവില്‍ രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തില്‍ ശക്തനായ നേതാവിനെ നിര്‍ത്തിയാല്‍ വിജയം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് വിഹിതം ഉയര്‍ത്തിയ ചരിത്രമാണ് ശോഭാ സുരേന്ദ്രനുള്ളത്. ഈ സാഹചര്യത്തില്‍ പാലക്കാട് താമര വിരിയിക്കാന്‍ കഴിയുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.
  
ശോഭ സുരേന്ദ്രന് പുറമെ പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട സി കൃഷ്ണകുമാറിന്റെ പേരാണ് പരിഗണനാ പട്ടികയിലുള്ളത്. പാലക്കാട് നിയോജകമണ്ഡലം പരിധിയിലും മുന്നേറ്റമുണ്ടാക്കാന്‍ കൃഷ്ണകുമാറിന് കഴിഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ താമര വിരിയിക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി. പ്രവര്‍ത്തകരിലെ ഈ ആവേശം പാലക്കാടിലേക്കും പകരാന്‍ കഴിയുമെന്നും നിയമസഭയില്‍ വീണ്ടും അക്കൗണ്ട് തുറക്കാനാകുമെന്നും നേതൃത്വം കണക്ക്കൂട്ടുന്നു.

മത്സരിക്കുന്ന മണ്ഡലങ്ങളിലെല്ലാം ബിജെപിയുടെ വോട്ടുവിഹിതം ഉയര്‍ത്തിയ ചരിത്രമാണ് ശോഭ സുരേന്ദ്രനുള്ളത്. പാലക്കാട് നിയോജക മണ്ഡലത്തിലും മത്സരിച്ച് മുന്നേറ്റമുണ്ടാക്കിയ നേതാവ് കൂടിയാണ് അവര്‍. മണ്ഡലത്തില്‍ സുപരിചിതയാണെന്നത് ശോഭയുടെ സാധ്യത ഉയര്‍ത്തുന്നുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് പാലക്കാട് ശോഭ മത്സരിച്ചത്. 2011ലെ തെരഞ്ഞെടുപ്പില്‍ ഇവിടെ മൂന്നാമതായിരുന്ന പാര്‍ട്ടിയെ രണ്ടാം സ്ഥാനത്തെത്തിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നു.

2011ല്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ 19.86 ശതമാനം വോട്ടുകളായിരുന്നു ബിജെപിയ്ക്കുണ്ടായിരുന്നത്. 2016ല്‍ ഇവിടെ മത്സരിക്കാനെത്തിയ ശോഭ സുരേന്ദ്രന്‍ വോട്ട് വിഹിതം 29.08 ശതമാനമായി ഉയര്‍ത്തുകയായിരുന്നു. സിപിഎം നേതാവ് എന്‍എന്‍ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി രണ്ടാം സ്ഥാനത്തേക്ക് ബിജെപി എത്തുകയും ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മെട്രോമാന്‍ ഇ ശ്രീധരനായിരുന്നു ഇവിടെ ബിജെപി സ്ഥാനാര്‍ഥി. ഷാഫിയ്‌ക്കെതിരെ മികച്ച പോരാട്ടം നടത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 3859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷാഫി വിജയിച്ചത്. സിപിഎമ്മിലെ സിപി പ്രമോദ് മൂന്നാം സ്ഥാനത്തായി.


നിയമസഭ തെരഞ്ഞെടുപ്പില്‍ 3859 വോട്ടുകളുടെ മാത്രം ഭൂരിപക്ഷമുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ 9707 വോട്ടിന്റെ ലീഡുണ്ട്. രണ്ടാം സ്ഥാനത്തെത്തിയത് ബിജെപി തന്നെയാണ്. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ടായിട്ടുണ്ടും പാലക്കാട് കോണ്‍ഗ്രസിന്റെ ലീഡ് പതിനായിരം കടന്നിട്ടില്ലെന്നത് ബിജെപി പ്രതീക്ഷയോടെയാണ് കാണുന്നത്. ശോഭയെപ്പോലൊരു നേതാവെത്തിയാല്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മറുവശത്ത് ഷാഫി അല്ലെന്നതും നേട്ടമായാണ് ഇവര്‍ കാണുന്നത്.


പാലക്കാട് നഗരസഭയും കണ്ണാടി, മാത്തൂര്‍, പിരായിരി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. ഇതില്‍ നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. മാത്തൂരും പിരായിരിയും യുഡിഎഫ് ഭരിക്കുമ്പോള്‍ കണ്ണാടി മാത്രമാണ് സിപിഎമ്മിനൊപ്പമുള്ളത്.മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലുമെല്ലാം വോട്ട് വിഹിതത്തില്‍ വന്‍ വര്‍ധനവ് വരുത്താന്‍ കഴിഞ്ഞ നേതാവാണ് ശോഭാ സുരേന്ദ്രന്‍. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മത്സരിച്ച് ബിജെപി വോട്ടുവിഹിതം 17.24 ശതമാനത്തില്‍നിന്ന് 28.3 ശതമാനമായി ശോഭ ഉയര്‍ത്തിയിരുന്നു.


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media