കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥിതി ദയനീയം;
തമ്മിലടി പരിഹരിക്കാതെ രക്ഷയില്ലെന്ന് താരിഖ് അന്‍വര്‍
ദില്ലി: സംസ്ഥാന കോണ്‍ഗ്രസില്‍ സ്ഥിതി രൂക്ഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ വിലയിരുത്തല്‍. തമ്മിലടി പരിഹരിച്ചില്ലെങ്കില്‍ പുനസംഘടന സുഗമമാകില്ലെന്ന റിപ്പോര്‍ട്ട് താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡിന് നല്‍കി. വി എം സുധീരന്റെ രാജിയിലും മുല്ലപ്പള്ളിയുടെ പ്രതികരണത്തിലും ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയിലാണ്. സുധീരന്റ രാജി അംഗീകരിച്ചിട്ടില്ലെന്നാണ് താരിഖ് അന്‍വര്‍ പറയുന്നത്. നേതാക്കള്‍ തമ്മില്‍ ആശയവിനിമയില്‍ വിടവുണ്ടെന്നും അഭിപ്രായ ഭിന്നത ഇല്ലാതാക്കാന്‍ നോക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
ശൈലിമാറ്റത്തില്‍ പുനഃസംഘടന വേഗത്തിലാകുമെന്ന പ്രതീക്ഷയില്‍ സംസ്ഥാനത്ത് ചര്‍ച്ചകള്‍ക്ക് പോയ താരിഖ് അന്‍വര്‍ നേതാക്കളുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടില്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ശൈലിമാറ്റം കൊണ്ടുവരാന്‍ ശ്രമിക്കുന്ന കെ സുധാകരനും വി ഡി സതീശനുമെതിരെ മുതിര്‍ന്ന നേതാക്കള്‍ ആഞ്ഞടിച്ചു. പാര്‍ട്ടിയുടെ പൂര്‍ണ്ണ നിയന്ത്രണം വിട്ടുനല്‍കിയതിലെ അതൃപ്തി നേതാക്കള്‍ താരിഖിനെ അറിയിച്ചു. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ആശയവിനിമയത്തിന്റെ പ്രശ്‌നങ്ങളുണ്ട്. അത് പരിഹരിക്കാതെ പുനഃസംഘടന എളുപ്പമാകില്ലെന്നാണ് താരിഖ് ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുന്നത്. അതേസമയം നേതൃത്വത്തിനെതിരെ ഇങ്ങനെ വ്യാപകമായ പരാതികള്‍ ഉയരുന്നത് സംഘടനയ്ക്ക് ദോഷം ചെയ്യുമെന്നും താരിഖ് ചൂണ്ടിക്കാട്ടുന്നു. പുനഃസംഘടന നടപടികള്‍ വേഗത്തിലാക്കണമെന്ന് താന്‍ താരിഖിനോട് ദില്ലി കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടതായി കെ മുരളീധരന്‍ പറഞ്ഞു.
അതേസമയം എഐസിസിയില്‍ നിന്നുള്ള വി എം സുധീരന്റെ രാജിയില്‍ ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. മുതിര്‍ന്ന നേതാക്കള്‍ പുതിയ നേതൃത്വത്തിന് വഴിമുടക്കികളാകുന്നുവെന്ന പരാതിയെ ശരിവയ്കുന്നതായി പോയി സുധീരന്റെ നടപടിയെന്നാണ് ചില ഹൈക്കമാന്‍ഡ് നേതാക്കള്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ ആരായാന്‍ ചില മുതിര്‍ന്ന നേതാക്കള്‍ സുധീരനെ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ലെന്നും ആക്ഷേപമുണ്ട്. മുല്ലപ്പള്ളിയുടെ നടപടിയും ഹൈക്കമാന്‍ഡിനെ ചൊടിപ്പിപ്പിച്ചിട്ടുണ്ട്. കേരളത്തിലുള്ള രാഹുല്‍ഗാന്ധി ഈ വിഷയങ്ങളില്‍ നേതാക്കളുമായി സംസാരിക്കുമെന്നാണ് വിവരം.