എന്‍. രാജേഷ് സ്മാരക പുരസ്‌കാരം പി. കൃഷ്ണമ്മാളിന്
കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും (മാധ്യമം ന്യൂസ് എഡിറ്റര്‍) കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതാവുമായിരുന്ന എന്‍.രാജേഷിന്റെ സ്മരണാര്‍ഥം മാധ്യമം ജേര്‍ണലിസ്റ്റ്‌സ് യൂനിയന്‍ ഏര്‍പ്പെടുത്തിയ പ്രഥമ എന്‍.രാജേഷ് സ്മാരക പുരസ്‌കാരം പ്രമുഖ തൊഴിലാളി നേതാവും ഡല്‍ഹി കര്‍ഷക സമരാംഗവുമായ പി. കൃഷ്ണമ്മാളിന്. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ക്കായി അധികാര കേന്ദ്രങ്ങളോട് ഒട്ടും രാജിയാവാതെ ധീരമായി നിലകൊണ്ട ട്രേഡ് യൂനിയന്‍ പ്രവര്‍ത്തക എന്ന നിലയിലാണ് കൃഷ്ണമമ്മാള്‍ അവാര്‍ഡിനര്‍ഹയായത്. അഡ്വ. തമ്പാന്‍ തോമസ്, എം.സുചിത്ര, എന്‍.പി രാജേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്‍. രാജേഷിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 13ന് തികളാഴ്ച രാവിലെ 11.30ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പുരസ്‌കാര സമര്‍പ്പണം നടത്തും. മാധ്യമ രംഗവും പുതിയ തൊഴില്‍ നിയമങ്ങളും' എന്ന വിഷയത്തില്‍ അഡ്വ. തമ്പാന്‍ തോമസ് എന്‍.രാജേഷ് സ്മാരക പ്രഭാഷണം നടത്തും. മാധ്യമം ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹിമാന്‍, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജി, കാലിക്കറ്റ് പ്രസ്‌ക്ലബ് പ്രസിഡന്റ് എം. ഫിറോസ്ഖാന്‍, മുന്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍, എന്‍.പി. രാജേന്ദ്രന്‍ എന്നിവര്‍ സംസാരിക്കും.
കേരളത്തിലെ ട്രേഡ് യൂനിയന്‍ രംഗത്ത് വിശേഷിച്ചും അസംഘടിതമേഖലാ തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ നിരന്തര പോരാട്ടത്തിലൂടെ ശ്രദ്ധപിടിച്ചു പറ്റിയ നേതാവാണ് പി. കൃഷ്ണമ്മാള്‍. കേരളത്തില്‍ വിവിധ മേഖലകളില്‍ അസംഘടിതരായി കഴി യുന്ന ആയിരക്കണക്കിന് തൊഴിലാളികളെ സംഘടിപ്പിക്കുകയും യൂനിയനുകള്‍ രൂപീകരിക്കുകയും 72-ാം വയസ്സിലും അവരുടെ അവകാശസമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിത മേഖലയിലുള്ള തൊഴിലാളി സംഘടനയായ ന്യൂ ട്രേഡ് യൂനിയന്‍ ഇനിഷ്യേറ്റിവി ന്റെ(എന്‍.ടി.യു.ഐ) കേന്ദ്ര കമ്മറ്റി അംഗമാണ്. എം.സി.പി.ഐ (യു)ന്റെ കേന്ദ്രകമ്മി റ്റിയിലും പ്രവര്‍ത്തിക്കുന്നു. ഡല്‍ഹിയില്‍ കര്‍ഷക സമരത്തിലും സജീവ സാന്നിധ്യമായിരുന്നു.
വാര്‍ത്താസമ്മേളനത്തില്‍ മാധ്യമം ജേര്‍ണലിസ്റ്റ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.എ. സൈഫുദ്ദീന്‍, സെക്രട്ടറി പി.പി. ജനൂബ്, നിര്‍വാഹക സമിതി അംഗങ്ങളായ എം. ഫിറോസ്ഖാന്‍, ഹാഷിം എളമരം, ബിജുനാഥ്, എ.ടി. മന്‍സൂര്‍, സുല്‍ഹഫ് എന്നിവര്‍ പങ്കെടുത്തു.