ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ മണിപ്പൂര്‍ പൊലീസ് വഴിയില്‍ തടഞ്ഞതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു. സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ തുരത്താന്‍ കണ്ണീര്‍വാതകം പ്രയോഗിച്ച മണിപ്പൂര്‍ പൊലീസ് ആകാശത്തേക്ക് വെടിവച്ചു. തുടര്‍ന്ന് രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം യാത്ര പുറപ്പെട്ട ഇംഫാലിലേക്ക് തന്നെ മടങ്ങി. ആകാശമാര്‍ഗ്ഗം രാഹുല്‍ ഗാന്ധിക്ക് യാത്ര തുടരാമെന്നാണ് പൊലീസ് നിലപാട്. രാഹുല്‍ ഗാന്ധി സഞ്ചരിക്കുന്ന പാതയില്‍ പലയിടത്തും സംഘര്‍ഷ സാഹചര്യം ഉണ്ടെന്നും അതിനാലാണ് കടത്തിവിടാന്‍ കഴിയില്ലെന്ന് പറഞ്ഞതെന്നുമാണ് മണിപ്പൂര്‍ പൊലീസിന്റെ നിലപാട്.
രാഹുല്‍ ഗാന്ധിയെ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം രംഗത്തെത്തി. എന്നാല്‍ രാഹുല്‍ഗാന്ധിക്ക് എതിരെയും പ്രതിഷേധം ഉണ്ടായി. റോഡരികില്‍ രാഹുലിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തി ഒരു സംഘം പ്രതിഷേധിച്ചു. ഇതോടെ സ്ഥലത്ത് സംഘര്‍ഷ സാഹചര്യം ഉണ്ടായി. പിന്നാലെയാണ് പൊലീസ് ആകാശത്തേക്ക് വെടിവച്ചും കണ്ണീര്‍വാതക ഷെല്‍ പ്രയോഗിച്ചതും. ഈ ഘട്ടത്തിലാണ് രാഹുലും സംഘവും ഇംഫാലിലേക്ക് മടങ്ങിയത്.
ചുരാചന്ദ്പൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെയാണ് രാഹുല്‍ ഗാന്ധിയെ തടഞ്ഞത്. റോഡില്‍ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാന്‍ തയ്യാറായില്ല. കോണ്‍ഗ്രസ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് പ്രതിഷേധം ഉണ്ടായത്. രാഹുല്‍ ഗാന്ധി ഹെലികോപ്റ്റര്‍ മാര്‍ഗം ചുരാചന്ദ്പൂരിലേക്ക് പോകുമോയെന്ന് വ്യക്തമാക്കിയിട്ടില്ല. യാഥാര്‍ത്ഥ്യ ബോധത്തോടെ പ്രശ്‌ന പരിഹാരത്തിനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് പ്രശ്‌ന പരിഹാരം കണ്ടെത്താന്‍ സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് പുലര്‍ച്ചെയും മണിപ്പൂരില്‍ സംഘര്‍ഷം ഉണ്ടായി കാങ്‌പോക്പി ജില്ലയിലെ രണ്ട് ഗ്രാമങ്ങളില്‍ അക്രമികള്‍ വെടിയുതിര്‍ത്തു. ആര്‍ക്കെങ്കിലും പരിക്കേറ്റതായോ ആളപായം ഉണ്ടായതായോ വിവരമില്ല. രണ്ട് ദിവസത്തേക്കാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. കുകി മേഖലയായ ചുരാചന്ദ്പൂരിലെ കലാപബാധിത മേഖലകളിലെ കുടുംബങ്ങളെ രാഹുല്‍ ഗാന്ധി കാണുമെന്ന് അറിയിച്ചിരുന്നു. ഇവിടേക്കുള്ള യാത്രക്കിടയിലാണ് ഇദ്ദേഹത്തെ പൊലീസ് തടഞ്ഞത്.