ഗ്യാസ് സിലിണ്ടറുകള്‍ ഇനി മുതല്‍ ഏത് ഏജന്‍സിയില്‍ നിന്നും ബുക്ക് ചെയ്യാം
കോഴിക്കോട്: ഉപഭോക്താക്കള്‍ക്ക് ഇനിമുതല്‍ ഏത് ഏജന്‍സിയില്‍ നിന്നും പാചകവാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. ഇതിനായി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി), ഭാരത് പെട്രോളിയം (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം (എച്ച്പിസിഎല്‍) എന്നിവ സംയുക്തമായി ചേര്‍ന്ന് പ്രത്യേക പ്ലാറ്റ്‌ഫോം അവതരിപ്പിക്കും. ഗ്യാസ് കണക്ഷന്‍ എടുത്ത ഏജന്‍സിയെ കാത്തിരിക്കുന്നതിനുപകരം അടുത്തുള്ള ഏജന്‍സികളില്‍ നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതിനാണ് പുതിയ സംവിധാനം രൂപകല്‍പ്പന ചെയ്തത്.
പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായി ബുക്കിങ് നിയമങ്ങളില്‍ മാറ്റം വരുത്തും. പാചകവാതക ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരും എണ്ണ കമ്പനികളും തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബുക്കിങ് നിയമങ്ങളില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ ആരംഭിച്ചത്. അതേസമയം കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് മുതല്‍ ഗ്യാസ് സിലിണ്ടറുകളുടെ ബുക്കിങ്ങില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി പാചക വാതക സിലിണ്ടറുകളുടെ ബുക്കിങ് ഒടിപി അടിസ്ഥാനമാക്കിയുള്ളതാക്കി.
ഈ സൗകര്യം ബുക്കിങ് നടപടിക്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കി എന്ന് എണ്ണ കമ്പനികള്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും പെട്രോളിയം മന്ത്രാലയത്തിന് പാചക വാതക വിതരണം സംബന്ധിച്ച പരാതികള്‍ തുടര്‍ന്നും ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഓയില്‍ കമ്പനി പ്രതിനിധികളുമായി പെട്രോളിയം സെക്രട്ടറി ചേര്‍ന്ന യോഗത്തിലാണ് ഏത് ഏജന്‍സിയില്‍ നിന്നും പാചക വാതക സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനുള്ള തീരുമാനത്തില്‍ എത്തിയതെന്ന് ഐഒസി വൃത്തങ്ങള്‍ അറിയിച്ചു. ബുക്കിങ് നിയമങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ പെട്രോളിയം മന്ത്രാലയം ആരംഭിച്ചതായും അവര്‍ വ്യക്തമാക്കി.