നയതന്ത്ര സ്വര്‍ണക്കടത്ത്: 30 കിലോ സ്വര്‍ണം കണ്ടുകെട്ടി ഇ.ഡി
കൊച്ചി: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് പിടികൂടിയ 30 കിലോ സ്വര്‍ണം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്ന് പിടികൂടിയ 14.98 ലക്ഷം രൂപയും കണ്ടുകെട്ടിയതായി ഉത്തരവിറക്കിയിട്ടുണ്ട്. പ്രതി സരിത്തില്‍ നിന്ന് പിടികൂടിയ പണമാണ് ഇ.ഡി. കണ്ടുകെട്ടിയത്. പ്രതികളുടെ ബാങ്ക് ലോക്കറില്‍ നിന്ന് പിടികൂടിയ ഒരു കോടി രൂപ ഇ.ഡി. നേരത്തെ കണ്ടുകെട്ടിയിരുന്നു. കള്ളക്കടത്തിലൂടെ സമ്പാദിച്ച കള്ളപ്പണമാണ് സ്വര്‍ണത്തിനായി നിക്ഷേപിച്ചതെന്ന് ഇ.ഡി. വ്യക്തമാക്കി. സ്വര്‍ണത്തിനായി പണം നിക്ഷേപിച്ച ഒമ്പത് പേര്‍ക്ക് ഇ.ഡി. നോട്ടീസ് അയച്ചിട്ടുണ്ട്. റബിന്‍സ്, അബ്ദു പി ടി, അബദുള്‍ ഹമീദ്, ഷൈജല്‍, കുഞ്ഞുമുഹമ്മദ്, ഹംജത് അലി, റസല്‍, അന്‍സില്‍, ഷമീര്‍ എന്നീ പ്രതികള്‍ക്കാണ് ഇ.ഡി. നോട്ടീസ് അയച്ചത്.
2020 ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് പിടികൂടിയത്. ജൂലൈ ഒമ്പതിനു കേന്ദ്ര ഏജന്‍സികളെ ഏകോപിപ്പിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പിന്നീട് എന്‍ഐഎ, ഇ.ഡി, കസ്റ്റംസ്, ഐബി, സിബിഐ ഇങ്ങനെ അഞ്ച് ഏജന്‍സി കേരളത്തിലെത്തി.
കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ. പി.എസ്. സരിത്താണ് ആദ്യം അറസ്റ്റിലായത്. ജൂലൈ 10ന് എന്‍.ഐ.എ. കേസെടുത്തു. രണ്ടും നാലും പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ബംഗളൂരുവില്‍ നിന്നാണ് എന്‍.ഐ.എ പിടികൂടിയത്. ജാമ്യത്തിനായി പ്രതികള്‍ പല തവണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും തള്ളുകയായിരുന്നു.