ഗോ എയര്‍ അല്ല, ഇനി ഗോ ഫസ്റ്റ്'; ഐപിഒയ്ക്ക് മുന്നോടിയായി പുതിയ മുഖം
കൊച്ചി: വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ബജറ്റ് എയര്‍ലൈനായ ഗോ എയറിന്റെ പേരിലും രൂപത്തിലും മാറ്റം വരുത്തി. ഗോ എയര്‍ ഇനിമുതല്‍ 'ഗോ ഫസ്റ്റ്' എന്ന പേരിലാണ് അറിയപ്പെടുക. കമ്പനി നടത്തുന്ന ഐപിഒയ്ക്ക് മുന്നോടിയായാണ് പേര് മാറ്റിയത്. സ്ഥാപനത്തിന്റെ വിപുലീകരണ പദ്ധതികള്‍ക്കായി 3,600 കോടി രൂപ ലക്ഷ്യമിട്ടാണ് ഗോ എയര്‍ ഐപിഒയുമായി വിപണിയിലെത്തുക. സ്പൈസ് ജെറ്റിനും ഇന്‍ഡിഗോയ്ക്കും ശേഷം ഐപിഒയില്‍ ലിസ്റ്റ് ചെയ്യുന്ന മൂന്നാമത്തെ എയര്‍ലൈനാണ് ഗോ എയര്‍.
2005ല്‍ പ്രവര്‍ത്ത ആരംഭിച്ച ഗോ എയറിന് നിലവില്‍ ഇന്ത്യയില്‍ 9.5 ശതമാനത്തിലധികം വിപണി വിഹിതമുണ്ട്. അള്‍ട്രാ-ലോ-കോസ്റ്റ് കാരിയര്‍ (യുഎല്‍സിസി) വിമാനങ്ങളാണ് ഗോ ഫസ്റ്റ് അവതരിപ്പിക്കുക. എയര്‍ബസ് എ 320, എ 320 നിയോസ് വിമാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടും. കൊവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍നിന്ന് കമ്പനി കരകയറാന്‍ ശ്രമിക്കുകയാണെന്ന് ഗോ ഫസ്റ്റ് സിഇഒ കൗശിക് കോഹ്ന പറഞ്ഞു. ഈ റീബ്രാന്‍ഡിങ് ആത്മവിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ബ്രാന്‍ഡിന് മുന്നിലെത്തിക്കാന്‍ ഗോ ഫസ്റ്റ് ടീം പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.