ഇന്ന് ദീപാവലി
ഇന്ന് ദീപാവലി. വായു മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പടക്കങ്ങള്‍ക്ക് ഇത്തവണ ഡല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ മറ്റ് ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണമുണ്ട്. കൊവിഡില്‍ നിന്നുള്ള അതിജീവനം കൂടിയാണ് ഇത്തവണത്തെ ദീപാവലി.
ഡല്‍ഹിയിലെ തിരക്കു വീഥികളൊക്കെ നിശ്ചലമാണ്. പ്രതിരോധത്തിന്റെ നിയന്ത്രണം എല്ലായിടത്തുമുണ്ട്. പരസ്പരം മധുര പലഹാരങ്ങള്‍ കൈമാറുന്നതാണ് ദീപാവലിയുടെ മാറ്റൊരാഘോഷം. ലഡു , ചോക്ലറ്റ്, ബര്‍ഫി, പേഡ, ജിലേബി തുടങ്ങിയവ പരസ്പരം വിതരണം ചെയ്യുന്നതിലൂടെ പകര്‍ന്നുനല്‍കുന്നത് സ്‌നേഹവും കൂടിയാണ്.
അതേസമയം, സംസ്ഥാനത്തും ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. രാത്രി 8 മുതല്‍ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. നിയന്ത്രണം ലംഘിച്ചാല്‍ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ പടക്കംപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവരുന്നത്.
ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ 'ഹരിത പടക്കങ്ങള്‍' മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു.