തൃശൂര്‍: മണ്ണുത്തി - വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കും. ഇന്ന് രാവിലെ ഒമ്പത് മണി മുതലാണ് ടോള്‍ പിരിച്ച് തുടങ്ങുക. 7.5 കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഇളവുണ്ട്. 3800 പേര്‍ക്ക് സൗജന്യ പാസ് ലഭിക്കും. 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്ളവര്‍ക്ക് 350 രൂപയുടെ പ്രതിമാസ പാസ് നല്‍കും. പ്രദേശവാസികളുടെ സൗജന്യ യാത്ര നിര്‍ത്തുന്നതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഡിവൈഎഫ്‌ഐ രാവിലെ തന്നെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്ന് ടോള്‍ പിരിക്കാനുള്ള നീക്കം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് ഈ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയായിരുന്നു. ടോള്‍ കമ്പനി അധികൃതര്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ സൗജന്യം അനുവദിക്കാമെന്നും, ബാക്കിയുള്ള പ്രദേശവാസികള്‍ക്ക് മാസ പാസ് എന്ന വ്യവസ്ഥയില്‍ തുടരാമെന്നും അറിയിച്ചെങ്കിലും യാതൊരു കാരണവശാലും തങ്ങള്‍ പണം നല്‍കി യാത്ര ചെയ്യില്ലെന്ന് ഉറച്ച നിലപാടില്‍ ആയിരുന്നു പ്രദേശവാസികള്‍.
തുടര്‍ന്ന് മണ്ണുത്തി - വടക്കുംചേരി ദേശീയ പാതയിലെ പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ ഒരുമാസം 9,000 വാഹനങ്ങള്‍ സൗജന്യമായി കടന്ന് പോകുന്നുണ്ടെന്നുള്ള കണക്കുകള്‍ കരാര്‍ കമ്പനി പുറത്ത് വിട്ടു. വടക്കുംചേരി, കിഴക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട്, പാണഞ്ചേരി പഞ്ചായത്തുകളിലെ താമസക്കാര്‍ക്കാണ് ടോള്‍ സൗജന്യം അനുവദിച്ചിരുന്നതെന്നും കമ്പനി അന്ന് വ്യക്തമാക്കി.