ദില്ലി: ഖലിസ്ഥാന്‍ വാദിയും വാരിസ് പഞ്ചാബ് ദേ തലവനുമായ അമൃത്പാല്‍ സിങ് കാണാമറയത്ത് തുടരുന്നു. പോലീസില്‍നിന്നു രക്ഷപ്പെട്ട അമൃത്പാല്‍ ഹരിയാനയിലെ കുരുക്ഷേത്രയിലുള്ള സ്ത്രീയുടെ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം മടങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. വെള്ള ഷര്‍ട്ടും കടുംനീല ജീന്‍സും ധരിച്ചു, കുടകൊണ്ടു മുഖംമറച്ചു നടന്നുനീങ്ങുന്ന അമൃത്പാലിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കുരുക്ഷേത്രയിലെ വീട്ടില്‍നിന്നു അമൃത്പാലും അനുയായി പാപല്‍പ്രീത് സിങ്ങും തിങ്കളാഴ്ച മടങ്ങുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.
കുരുക്ഷേത്രയിലെ ഷാഹാബാദിലുള്ള ബല്‍ജീത് കൗര്‍ എന്ന സ്ത്രീയുടെ വീട്ടിലാണ് അമൃത്പാലും പാപല്‍പ്രീത് സിങ്ങും ഞായറാഴ്ച ഒളിവില്‍ കഴിഞ്ഞത്. അമൃത്പാലിന് അഭയം നല്‍കിയ ബല്‍ജീത് കൗറിനെ അറസ്റ്റു ചെയ്തതായി കുരുക്ഷേത്ര പോലീസ് മേധാവി സിങ് ഭോരിയ അറിയിച്ചു. ഇവരെ പഞ്ചാബ് പോലീസിന് കൈമാറാനാണ് ഹരിയാന പോലീസിന്റെ തീരുമാനം.
അതിനിടെ, അമൃത്പാല്‍ അമൃത്സറിലെ ജല്ലുപുര്‍ ഖേരയിലുള്ള തന്റെ ഗ്രാമത്തില്‍ വെടിവെപ്പ് പരിശീലന കേന്ദ്രം സജ്ജീകരിച്ചിരുന്നതായി പഞ്ചാബ് പോലീസ് കണ്ടെത്തി. ആയുധപരിശീലനം അടക്കം നല്‍കാനായി അനന്ദ്പുര്‍ ഖല്‍സ ഫൗജ് എന്ന പേരില്‍ രൂപീകരിച്ച സായുധസേനയുടെ ചിത്രങ്ങളും പോലീസ് കണ്ടെത്തി. അറസ്റ്റിലായ അമൃത്പാലിന്റെ ഗണ്‍മാന്‍ തേജീന്ദര്‍ സിങ് ഗില്‍ എന്ന ഗോര്‍ഖ ബാബയില്‍നിന്നു പിടിച്ചെടുത്ത ഫോണില്‍നിന്നാണ് പോലീസിനു ചിത്രങ്ങള്‍ ലഭിച്ചതെന്ന് ഐജി സുഖ്‌ച്ചെയിന്‍ സിങ് ഗില്‍ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ 207 പേരാണ് കസ്റ്റഡിയിലായിരിക്കുന്നത്. ഇതില്‍ 177 പേരും കരുതല്‍ തടങ്കലിലാണ്. പാലം വഴി സത്‌ലജ് നദി കടന്നു ലുധിയാനയില്‍ എത്തിയ അമൃത്പാല്‍ ഹരിയാനയിലെ കുരുക്ഷേത്രയില്‍ എത്തിയെന്നും അവിടെനിന്നു സ്‌കൂട്ടറില്‍ ഷാഹാബാദില്‍ എത്തുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി