കാട്ടുപന്നിയെ ഓടിക്കാന്‍ പോയ ആള്‍
വെടിയേറ്റ് മരിച്ചു; സംഭവത്തില്‍ ദുരൂഹത
കല്‍പ്പറ്റ: വയനാട് കമ്പളക്കാട് ഒരാള്‍ വെടിയേറ്റ് മരിച്ചു. കോട്ടത്തറ സ്വദേശി ജയനാണ് മരിച്ചത്. പാടത്ത് കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോള്‍ മറ്റാരോ വെടിവയ്ക്കുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ പറയുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ശരുണ്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ജയന് കഴുത്തിലാണ് വെടിയേറ്റതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരാനുണ്ടെന്നാണ് പൊലീസ് പറയുന്നത്. നെല്‍ പാടത്ത് നിന്ന് കാട്ടുപന്നിയെ ഓടിക്കാനാണ് ജയനടങ്ങിയ സംഘം പോയതെന്നാണ് കൂട്ടുപോയവരുടെ വിശദീകരണം. എന്നാല്‍ ഇവര്‍ വേട്ടയ്ക്ക് പോയതാണെന്ന ആരോപണവുമുണ്ട്. കൂടുതല്‍ അന്വേഷണത്തിന് ശേഷമേ എന്താണ് സംഭവിച്ചതെന്ന് പറയാന്‍ പറ്റൂവെന്നാണ് പൊലീസ് പ്രതികരണം.