കെ റെയിൽ പദ്ധതി കേന്ദ്ര സഹായം ഇല്ലെങ്കിലും യാഥാർഥ്യമാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ
കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എതിർപ്പുകൾ കണ്ട് പിൻമാറുന്നതല്ല പിണറായി സർക്കാർ. കേന്ദ്ര സഹായം ഇല്ലെങ്കിലും കെ റെയിൽ പദ്ധതി നടപ്പാക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
അസാധ്യമായതിനെ സാധ്യമാക്കാനാകും എന്ന ലക്ഷ്യബോധത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിൽ ട്രെയിനുകൾക്ക് വേഗം കുറവാണ്. രാജധാനി എക്സ്പ്രസ് മറ്റ് സംസ്ഥാനങ്ങളിൽ 120 കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ കേരളത്തിൽ 55 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. യുഡിഎഫ് കാലത്ത് പഠനം നടത്തിയതല്ലാതെ കെ റെയിലിനായി ഒന്നും ചെയ്തില്ലെന്ന് കോടിയേരി പറഞ്ഞു.
എട്ട് സംസ്ഥാനങ്ങളിൽ കേന്ദ്ര സഹായത്തോടെ പദ്ധതി ആരംഭിച്ചു. രാഷ്ട്രീയ എതിർപ്പ് മൂലം സിൽവർ ലൈനിന് കേന്ദ്രം സഹായം നൽകുന്നില്ല. എന്നാൽ കേന്ദ്രം സഹായം നൽകുന്നില്ലെന്ന് പറഞ്ഞ് നിസ്സഹായരായി ഇരുന്നാൽ കേരളത്തിന്റെ ഭാവി ഇരുട്ടിലാകും. പിണറായി ഭരിക്കുമ്പോൾ വികസനം ഉണ്ടാകാൻ അനുവദിക്കില്ലെന്ന നിലപാടാണ് കോൺഗ്രസിനും ബിജെപിക്കുമെന്നും കോടിയേരി കുറ്റപ്പെടുത്തി.
മറ്റ് സംസ്ഥാനങ്ങളിൽ അവർക്ക് എതിർപ്പും സമരവും ഇല്ല. 1.18 ലക്ഷം കോടിയാണ് യുഡിഎഫ് പദ്ധതിക്ക് വിഭാവനം ചെയ്തത്. അതിന്റെ പകുതി തുകയേ ഇപ്പോൾ വേണ്ടിവരൂ. പദ്ധതിക്ക് വേണ്ടി ഭൂമി നഷ്ടമാകുന്നവരുടെ പ്രശ്നങ്ങൾ സിപിഎം ഏറ്റെടുക്കും. അവരുടെ പുനരധിവാസം ഉറപ്പാക്കും. ഉയർന്ന നഷ്ട പരിഹാരം നടൽകുമെന്നും ഇതിനായി ബൃഹത്തായ പാക്കേജാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്നും കോടിയേരി പറഞ്ഞു. ജനപിന്തുണയോടെ പദ്ധതി നടപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി.