രോഗവ്യാപനം കണക്കിലെടുത്താണ് മുഖ്യമന്ത്രി ചലച്ചിത്ര അവാര്‍ഡുകള്‍
സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത് : മന്ത്രി എകെ ബാലന്‍
തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി എകെ ബാലന്‍. രോഗവ്യാപനം കണക്കിലെടുത്താണ് മുഖ്യമന്ത്രി അവാര്‍ഡുകള്‍ സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
53 പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. ഓരോ അവാര്‍ഡ് വിതരണം കഴിയുമ്പോഴും മുഖ്യമന്ത്രി സാനിറ്റൈസ് ചെയ്യേണ്ടതായി ഉണ്ട്. അത് പ്രായോഗികമല്ലാത്തത് കൊണ്ടാണ് സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത്. അന്യന് രോഗം പകരണം എന്നുള്ള അധമബോധം ഉള്ളവരാണ് ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.
വിവാദം പ്രതിപക്ഷ നേതാവ് ഏറ്റു പിടിച്ചത് ശരിയായില്ലെന്നും സുരേഷ് കുമാറിന് പ്രത്യേക രാഷ്ട്രീയമുണ്ട്, അതിനാല്‍ ആണ് അദ്ദേഹം ആദ്യം ഇത്തരത്തില്‍ വിവാദവുമായി വന്നതെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയേയും മന്ത്രി വിമര്‍ശിച്ചു. ചെന്നിത്തലയുടെ യാത്രയ്ക്കിടയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളും ഓരോ ക്ലസ്റ്ററുകളായി മാറുമെന്ന് മന്ത്രി പറഞ്ഞു.