കൊച്ചി: പോക്‌സോ കേസില്‍ വിധി മോന്‍സന്‍ മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. എറണാകുളം പോക്‌സോ കോടതിയാണ് വിധി പറഞ്ഞത്. ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് മോന്‍സന്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞത്. 2019 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കിയും തുടര്‍വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം നല്‍കാമെന്നും പറഞ്ഞ് പീഡിപ്പിച്ചെന്നാണ് കേസ്. പുരാവസ്തുകേസില്‍ മോന്‍സണ്‍ അറസ്റ്റിലായതിന് പിന്നാലെയാണ് ജീവനക്കാരി പരാതി നല്‍കിയത്. 2022 മാര്‍ച്ചിലാണ് വിചാരണ തുടങ്ങിയത്. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയായിരുന്നു. മോന്‍സന് രണ്ട് ഐപിസി വകുപ്പുകളില്‍ ജീവിതാവസാനം വരെയാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്.
അതേസമയം, സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ മാവുങ്കല്‍ ആവര്‍ത്തിച്ചു. പോക്‌സോ കേസില്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പായിരുന്നു മോന്‍സന്‍ മാവുങ്കലിന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നും നേരത്തെയും മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞിരുന്നു.