അർബൻ ക്രൂയിസറിനെ തിരിച്ചുവിളിച്ച് ടൊയോട്ട : എയർ ബാഗ് തകരാർ .
അർബൻ ക്രൂയിസർ കോംപാക്‌ട് എസ്‌യുവിയെ തിരിച്ചുവിളിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഡ്രൈവർ സൈഡ് എയർബാഗ് തകരാറിനെ തുടർന്നാണ് കമ്പനിയുടെ ഈ നടപടി. 2020 ജൂലൈ 28-നും 2021 ഫെബ്രുവരി 11-നും ഇടയിൽ നിർമിച്ച 9,498 യൂണിറ്റുകളെയാണ് ഈ പ്രശ്നം ബാധിച്ചിരിക്കുന്നതെന്നാണ് ടൊയോട്ട വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ കമ്പനി ഇതിന്റെ കൃത്യമായ വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഡ്രൈവർ സൈഡ് എയർബാഗ് മൊഡ്യൂൾ അസംബ്ലിയിൽ പ്രശ്‌നമുണ്ടായതിനാലാണ് തിരിച്ചുവിളിക്കൽ ആരംഭിച്ചതെന്ന് ടൊയോട്ട ഇന്ത്യ പ്രസ്‌താവനയിൽ അറിയിച്ചു. പ്രശ്‌നബാധിത വാഹനങ്ങളുടെ ഉപഭോക്താക്കളെ പരിശോധനയ്ക്കായി ഡീലർഷിപ്പുകളുമായി ബന്ധപ്പെടുകയും ഭാഗം സൗജന്യമായി മാറ്റിസ്ഥാപിക്കുകയും ചെയ്യും സംശയമുള്ള ഉപഭോക്താക്കൾക്ക് അടുത്തുള്ള ഡീലറുമായി ബന്ധപ്പെടാം അല്ലെങ്കിൽ 1800 425 0001 എന്ന നമ്പറിൽ ഉപഭോക്തൃ സഹായ കേന്ദ്രത്തിൽ വിളിക്കാനും സാധിക്കും. സബ്-ഫോർ മീറ്റർ എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഡ്യുവൽ എയർബാഗുകൾ സ്റ്റാൻഡേർഡായി സജ്ജീകരിച്ചിട്ടുണ്ട്.