കാലിഫോര്‍ണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള പുതിയ ചിത്രം ഇപ്പോള്‍ ആശങ്കയ്ക്ക് വഴി തുറന്നിരിക്കുകയാണ്. സുനിത വില്യംസും ബുച്ച് വില്‍മോറും ഭക്ഷണം തയ്യാറാക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ സുനിതയുടെ രൂപമാണ് ചര്‍ച്ചയ്ക്ക് കാരണം. ശാരീരികനിലയില്‍ നന്നേ വ്യത്യാസം വന്ന സുനിതയെ ചിത്രത്തില്‍ കാണാം. ഇതാണ് ദീര്‍ഘകാല ബഹിരാകാശ വാസം സുനിത വില്യസിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ക്കിടയാക്കുന്നുണ്ടോ എന്ന ആശങ്ക വര്‍ധിപ്പിക്കാനിടയാക്കുന്നത്.
മുന്‍പും ബഹിരാകാശ നിലയത്തില്‍ ദൗത്യത്തിനായി സുനിത പോയിട്ടുണ്ടെങ്കിലും ഇത്തവണ അപ്രതീക്ഷിതമായാണ് ബഹിരാകാശ നിലയത്തില്‍ ദീര്‍ഘനാള്‍ കഴിയേണ്ടി വന്നത്. ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ പരീക്ഷണാര്‍ഥം നിലയത്തില്‍ എത്തിയ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും പേടകത്തിലെ സാങ്കേതിക തകരാര്‍ കാരണം അതില്‍ തിരിച്ചുവരാനായില്ല. ഫെബ്രുവരിയില്‍ തിരിച്ചുവരുന്ന ക്രൂ 9 പേടകത്തിലാണ് ഭൂമിയിലേക്ക് ഇരുവരും തിരികെയെത്തുക.
മര്‍ദ്ദം ക്രമീകരിച്ച കാബിനിലാണെങ്കിലും വളരെയധികം ഉയരത്തില്‍ ദീര്‍ഘകാലം കഴിയുമ്പോള്‍ ശരീരത്തിനുണ്ടാവുന്ന സ്വാഭാവിക സമ്മര്‍ദങ്ങള്‍ സുനിത വില്യംസ് അനുഭവിക്കുന്നുണ്ടാകുമെന്നാണ് സൂചനയെന്ന് സിയാറ്റിലിലെ ശ്വാസകോശരോഗ വിദഗ്ധന്‍ പറയുന്നു. സുനിത വില്യംസ് കലോറി അപര്യാപ്തത നേരിടുന്നതായി തോന്നുന്നുണ്ടെന്നും ശരീരത്തിന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കലോറി നഷ്ടമാകുന്നത് കൊണ്ടായിരിക്കാം ഇതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ശരീരഭാരം നഷ്ടമാകുന്നതിന്റെ സ്വാഭാവിക ലക്ഷണമാണ് കവിളുകള്‍ കുഴിയുന്നതേ. കുറച്ച് നാളുകളായി അവര്‍ ഭക്ഷണം കുറച്ചിട്ടുണ്ടാവുമെന്നും ബഹിരാകാശത്തെ ഭാരമില്ലായ്മയില്‍ ജീവിക്കുന്നതിനും ശരീര താപം നിലനിര്‍ത്തുന്നതിനുമായി ശരീരം കൂടുതല്‍ ഊര്‍ജം ഉപയോഗപ്പെടുത്തുന്നുണ്ടാവാമെന്നും അദേഹം പറഞ്ഞു.
ബഹിരാകാശ സഞ്ചാരികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ദിവസേന 2.5 മണിക്കൂര്‍ വ്യായാമം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഈ ദിനചര്യ പിന്തുടര്‍ന്നാണ് ബഹിരാകാശ നിലയത്തില്‍ ആളുകള്‍ താമസിക്കുന്നത്.