മുംബൈയില്‍ കടല്‍ ക്ഷോഭം രൂക്ഷം; രണ്ട് ബാര്‍ജുകള്‍ കൊടുങ്കാറ്റില്‍ പെട്ടു
ടൗട്ടെ ചുഴലി കാറ്റ് മുംബൈയില്‍ കനത്ത നാശം വിതയ്ക്കുന്നു. രൂക്ഷമായ കടല്‍ ക്ഷോഭത്തിനാണ് മുംബൈ തീരം സാക്ഷ്യം വഹിക്കുന്നത്. രണ്ട് ബാര്‍ജുകള്‍ തകര്‍ന്നു.
തീരത്ത് നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. ഒരു ബാര്‍ജില്‍ 137 പേരും, മറ്റൊന്നില്‍ 273 പേരുമാണ് ഉണ്ടായിരുന്നത്. നാവിക സേനയുടെ ഐഎന്‍എസ് കോല്‍ക്കത്ത, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകള്‍ രക്ഷാ പ്രവര്‍ത്തനത്തിനായി പുറപ്പെട്ടിട്ടുണ്ട്. ഐഎന്‍എസ് തല്‍വാറും ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനായി ചേരും.
അതിനിടെ, മുംബൈ തീരത്ത് ആറ് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. ഭയന്ദറിലെ, പാലി ഗ്രാമത്തില്‍ നിന്നും ശനിയാഴ്ച പോയ ന്യൂ ഹെല്പ് മേരി എന്ന ബോട്ടാണ് കാണാതായത്. നാവികസേനയും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ ആരംഭിച്ചു.
അതേസമയം, ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു.
ടൗട്ടോ പ്രതിരോധ നടപടികളും, രക്ഷാപ്രവര്‍ത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തി. ചുഴലി കാറ്റിനെ നേരിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അറിയിച്ചു.