സിദ്ദിഖിനായി സംഘങ്ങളായി തിരിഞ്ഞ് വ്യാപക പൊലീസ്   തെരച്ചില്‍;സുഹൃത്തുക്കളുടെ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം
 


കൊച്ചി: നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്റെ വ്യാപക തെരച്ചില്‍. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളില്‍ പൊലീസ് രാത്രി പരിശോധന നടത്തി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. 2016 ല്‍ സിനിമയില്‍ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളും ഹാജരാക്കിയാണ് സാഹചര്യത്തെളിവുകള്‍ സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ശ്രമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമെങ്കിലും ഫെയ്‌സ്ബുക്കിലെ അടക്കം ഡിജിറ്റല്‍ തെളിവുകള്‍ കോടതിയെ ബോധിപ്പിക്കാന്‍ പരാതിക്കാരിക്കായി. 

ഇതോടെയാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയ കേസില്‍ പ്രതിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അമ്മ സംഘടനയുടെ നിലപാട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളിലാണ് നടന്‍ സിദ്ദിഖിനെതിരെ ബലാത്സംഗ പരാതിയുമായി യുവനടി രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസെടുത്തതിന് പിന്നാലെ അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് രാജി വെയ്‌ക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം നടി കവിയൂര്‍ പൊന്നമ്മയുടെ പൊതുദര്‍ശനത്തിലടക്കം പങ്കെടുത്ത് കൊച്ചിയില്‍ തുടര്‍ന്ന സിദ്ദിഖ് കോടതി തീരുമാനം വന്നതോടെ വീട്ടില്‍ നിന്ന് മാറി നില്‍ക്കുകയാണ്. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസമായിട്ടും പ്രതിക്ക് ഹാജരാകാന്‍ ഒരു നോട്ടീസ് പോലും അന്വേഷണസംഘം നല്‍കിയിരുന്നില്ല. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പ്രതിഭാഗം. 

സിദ്ദിഖ് സുപ്രീംകോടതിയില്‍ ഇന്ന് ജാമ്യ ഹര്‍ജി നല്‍കിയേക്കും. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ ദില്ലിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ മുകള്‍ റോത്തഗിയുമായി സംസാരിച്ചു. വിധിപകര്‍പ്പും കൈമാറി. അതിജീവിത പരാതി നല്‍കാന്‍ വൈകിയതടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി എന്നാണ് വിവരം. കൂടാതെ മറ്റു കേസുകളോ ക്രിമിനല്‍ പശ്ചാത്തലമോ ഇല്ലാത്ത സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും. അതേസമയം തടസ്സഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിത വ്യക്തമാക്കി. സിദ്ദീഖ് മുന്‍കൂര്‍ ജാമ്യ അപേക്ഷ നല്‍കിയാല്‍ തന്റെ ഭാഗം കേള്‍ക്കാതെ തീരുമാനം എടുക്കരുതെന്നാണ് സുപ്രീംകോടതിയെ അറിയിക്കുക.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media